ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ ലഡാക്കിന് ഭരണഘടനാപരമായ പ്രത്യേക പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്തുകൊണ്ട് ലഡാക്കിന് പ്രത്യേക സംരക്ഷണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സാമ്പത്തിക, നിയമനിര്‍മാണ അധികാരങ്ങളുള്ളതും മണ്ഡലങ്ങളില്‍ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നതുമായ ഒരു പ്രത്യേക സമിതി ലഡാക്കില്‍ രൂപീകരിക്കും. രാജ്യത്ത് ഇത്തരമൊരു ഭരണഘടനാ പരീക്ഷണം ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന സമിതി നിലവില്‍ വരുമെങ്കിലും, ലഡാക്ക് നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശമായിരിക്കില്ലെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര വ്യക്തമാക്കി. ലഡാക്ക് സബ്കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായകമായ തീരുമാനം. ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഒക്ടോബറില്‍ നടക്കുന്ന അടുത്ത യോഗത്തോടെ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കും.
തദ്ദേശീയവും സാമൂഹികവുമായ സവിശേഷതകള്‍ സംരക്ഷിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ക്ക് താല്‍ക്കാലികവും വികസനപരവുമായ പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371. 2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയ ഘട്ടത്തിലാണ് ലഡാക്കിനെ നിയമസഭയില്ലാത്ത പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറ്റിയത്. ആരംഭത്തില്‍ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും, പിന്നീട് നേരിട്ടുള്ള ഉദ്യോഗസ്ഥ ഭരണത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ജനവിഭാഗങ്ങള്‍ ശക്തമായ സമരം ആരംഭിക്കുകയായിരുന്നു. പുതിയ തീരുമാനത്തോടെ ലഡാക്കിലെ ഭരണപരമായ അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
