ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വന്‍ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. പ്രധാന കടല്‍ ചരക്കുപാതകള്‍ അടഞ്ഞതോടെ വിപണിയില്‍ എണ്ണ ലഭ്യത കുറയുകയും ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 23 രൂപയും നഷ്ടത്തിലാണ് നിലവില്‍ ഇന്ധന വില്‍പന നടത്തുന്നത്.
നിലവില്‍ യുഎഇ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന വില നല്‍കിയാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതി വിലയിലുണ്ടാകുന്ന ഈ വര്‍ധനവ് രാജ്യത്ത് വ്യാപാര കമ്മിയും പണപ്പെരുപ്പവും ഉയര്‍ത്താന്‍ ഇടയാക്കും. കൂടാതെ രൂപയുടെ മൂല്യമിടിയുന്നതിനും യാത്രാ-അവശ്യസാധനങ്ങളുടെ ചെലവ് വര്‍ധിക്കുന്നതിനും ഇത് കാരണമാകും.
പൊതുമേഖലാ കമ്പനികള്‍ നേരിടുന്ന കനത്ത നഷ്ടം നികത്താന്‍ ഇന്ധന വിലയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലുണ്ടെങ്കിലും, ഡീസലിന് ഒറ്റയടിക്ക് 23 രൂപ വര്‍ധിപ്പിക്കാന്‍ സാധ്യത കുറവാണ്. പൊതുജനങ്ങളെയും സാമ്പത്തിക രംഗത്തെയും ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റം ഒഴിവാക്കാന്‍, നഷ്ടം പൂര്‍ണ്ണമായി ഉപയോക്താക്കളിലേക്ക് തള്ളവിടാതെയുള്ള നേരിയ വിലവര്‍ധനവോ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലോ വൈകാതെ ഉണ്ടായേക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
