ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ പുതിയ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലുണ്ടാകുന്ന കാലതാമസം രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്. സേനയുടെ പോരാട്ടവീര്യം നിലനിര്‍ത്തുന്നതിനും സൈനികശേഷിയിലെ വിടവുകള്‍ നികത്തുന്നതിനുമായി രാജ്യത്ത് പ്രതിവര്‍ഷം 36 മുതല്‍ 40 വരെ യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് നല്‍കേണ്ടതുണ്ടെന്ന് വ്യോമസേനാദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവില്‍ 30 സ്‌ക്വാഡ്രണുകളുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി ഇനിയും താഴേക്ക് പോകാതിരിക്കാനും അനുവദിനീയമായ 42 സ്‌ക്വാഡ്രണ്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാനും പ്രതിവര്‍ഷം രണ്ട് സ്‌ക്വാഡ്രണ്‍ വിമാനങ്ങളെങ്കിലും നിര്‍മിക്കേണ്ടതുണ്ട്. എല്‍.സി.എ എം.കെ-1എ, പുതിയ മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍, അധിക സുഖോയ്-30 എം.കെ.ഐ വിമാനങ്ങള്‍ എന്നിവ കൃത്യസമയത്ത് സേനയുടെ ഭാഗമാക്കുന്നതിനാണ് വ്യോമസേന പ്രാധാന്യം നല്‍കുന്നത്. കൂടാതെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ എത്രയും വേഗം വിന്യസിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയിലെ സുരക്ഷാ വെല്ലുവിളികള്‍ കനക്കുന്നതിനിടെ ചൈനയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ പാകിസ്താന് ലഭിക്കാനുള്ള സാധ്യത തീര്‍ത്തും ആശങ്കയുളവാക്കുന്നതാണ്. ചൈനീസ് നിര്‍മിത അത്യാധുനിക വിമാനങ്ങള്‍ പറത്തുന്നതിനായി പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ടെന്നും വ്യോമസേനാ മേധാവി വെളിപ്പെടുത്തി.
അതേസമയം, ദുബായ്-ടെല്‍ അവീവ് ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ ഭീകരാക്രമണശ്രമത്തില്‍ അസാധാരണ ധൈര്യവും മാനസിക നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ എ.പി. സിങ് പ്രശംസിച്ചു. അടിയന്തര ഘട്ടങ്ങളില്‍ സ്മിത് കാട്ടിയ ഈ മനക്കരുത്തും ധീരതയും വ്യോമയാന മേഖലയിലുള്ള എല്ലാവര്‍ക്കും വലിയൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
