ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള 36 റഫാല്‍ യുദ്ധവിമാനങ്ങളില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമല്ലെന്ന ബ്രിട്ടീഷ് ഏവിയേഷന്‍ മാഗസിനായ ഫ്ളൈറ്റ് ഗ്ലോബലിന്റെ റിപ്പോര്‍ട്ട് മുന്‍ വ്യോമസേനാ ഉപമേധാവി എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഫ്ളൈറ്റ് ഗ്ലോബലിന്റെ പുതിയ വേള്‍ഡ് എയര്‍ ഫോഴ്‌സസ് ഡയറക്ടറിയിലാണ് ഇന്ത്യയുടെ പക്കല്‍ 32 റഫാല്‍ വിമാനങ്ങള്‍ മാത്രമേ നിലവില്‍ സജീവമായുള്ളൂവെന്ന് തെളിവുകളില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് മാസങ്ങള്‍ക്ക് ശേഷം 35 വിമാനങ്ങള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത അതേ മാഗസിനാണ് ഇപ്പോള്‍ സംഖ്യ 32 ആയി കുറച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിനായി വിവരങ്ങള്‍ നല്‍കിയവരുടെ വിശ്വാസ്യത ഫ്ളൈറ്റ് ഗ്ലോബല്‍ പരിശോധിക്കണമെന്ന് എയര്‍ മാര്‍ഷല്‍ തിവാരി എക്സിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശപ്പെട്ട ഇന്ത്യന്‍ റഫാല്‍ വിമാനങ്ങളുടെ തിരിച്ചറിയല്‍ നമ്പറുകള്‍ പുറത്തുവിട്ടതും ഇതേ കേന്ദ്രങ്ങളാണ്. എന്നാല്‍, ആ നമ്പറുകളിലുള്ള വിമാനങ്ങള്‍ പിന്നീട് വിവിധ അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളില്‍ പങ്കെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, വ്യോമസേനയിലെ ആദ്യ വനിതാ റഫാല്‍ പൈലറ്റായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ്ങിനെ പാക് സൈന്യം തടവിലാക്കിയെന്ന വ്യാജപ്രചാരണത്തിന് പിന്നിലും ഇതേ ആളുകളായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പിന്നീട് അംബാല വ്യോമതാവളത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം ശിവാംഗി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ ആ പ്രചാരണം പൊളിഞ്ഞിരുന്നു.
2025 മേയ് ഏഴിന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലെ ഭീകരക്യാമ്പുകളും 11 സൈനിക കേന്ദ്രങ്ങളും തകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ചില വിമാനനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നെങ്കിലും, നാല് റഫാലുകള്‍ നഷ്ടപ്പെട്ടെന്ന പാക് വാദം ഇന്ത്യ തള്ളിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ 28 ഒറ്റസീറ്റ് വിമാനങ്ങളും എട്ട് ഇരട്ടസീറ്റ് വിമാനങ്ങളും ഉള്‍പ്പെടെ 36 റഫാലുകളും വ്യോമസേനയുടെ കൈവശം ഭദ്രമാണെന്നതിന് തെളിവായി ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കിയ ഔദ്യോഗിക രേഖകളുണ്ട്. 36 വിമാനങ്ങള്‍ക്കും സാങ്കേതിക സഹായം നല്‍കുന്ന 'ബ്രിഡ്ജ് സപ്പോര്‍ട്ട്' കരാറിനായി വ്യോമസേന ടെന്‍ഡര്‍ ക്ഷണിച്ചത് മുഴുവന്‍ വിമാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നത് അടിവരയിടുന്നു. ഇതിനുപുറമെ, നാവികസേനയ്ക്കായി 26 റഫാലുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ട ഇന്ത്യ, വ്യോമസേനയ്ക്കായി 114 വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
