ജാംനഗര്‍: ജനനം മുതല്‍ ജീവനുവേണ്ടി പോരാടുന്ന ഏഴ് ആഴ്ച പ്രായമുള്ള ഏഷ്യന്‍ ആനക്കുട്ടി രാജയെ വിദഗ്ധ ചികിത്സയ്ക്കായി അസമിലെ പൊഹുമരയില്‍ നിന്നും ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. തുടയെല്ലിന് ഗുരുതരമായി പൊട്ടലേറ്റ ആനക്കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയയും തുടര്‍ചികിത്സയും ഉറപ്പാക്കുന്നതിനായാണ് പ്രത്യേക വിമാനത്തില്‍ ജാംനഗറിലെത്തിച്ചത്.
ഒക്ടോബര്‍ രണ്ടിന് അസമിലെ ഗോഗാമുഖില്‍ ജനിച്ച രാജയ്ക്ക് പ്രസവശേഷം അമ്മയാനയുടെ ചവിട്ടേറ്റാണ് തുടയെല്ലിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാനോ അമ്മയുടെ പാല്‍ കുടിക്കാനോ കഴിയാതെ വന്നതോടെ ആനക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നു. ചലനശേഷി നഷ്ടപ്പെട്ടതും പോഷകാഹാരക്കുറവും മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായതോടെയാണ് രാജയെ അടിയന്തരമായി വന്‍താരയിലെ വിദഗ്ധ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
റോഡ് മാര്‍ഗ്ഗം 2,500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്നത് ആനക്കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് എയര്‍ലിഫ്റ്റ് എന്ന മാര്‍ഗ്ഗം തിരഞ്ഞെടുത്തത്. യാത്രയ്ക്കിടെ പരിക്കുകള്‍ കൂടാതിരിക്കാന്‍ മൃദുവായ മെത്തകള്‍ വിരിച്ച് പ്രത്യേകം സജ്ജമാക്കിയ കൂട്ടിലായിരുന്നു രാജയെ വിമാനത്തില്‍ എത്തിച്ചത്. യാത്രയിലുടനീളം വന്‍താരയിലെ വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെയും പരിചാരകരുടെയും പ്രത്യേക സംഘം ആനക്കുട്ടിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
