ഐ.എസ്.എൽ പതിമൂന്നാം പതിപ്പിന് മുന്നോടിയായി ഇന്ത്യൻ മുന്നേറ്റ താരം റാംലുൻഛുങ്ങയെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. എസ്.സി ഡൽഹിയിൽ നിന്നാണ് 25 കാരനായ താരം
ടീമിന്റെ ഭാഗമാകുന്നത്. 2027-28 സീസൺ വരെയുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്.
മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ ഐസ്വാൾ എഫ്.സിയിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2020ൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഹൈദരാബാദ് എഫ്.സിയിലെത്തി. 2022-23 സീസണിൽ ലോൺ അടിസ്ഥാനത്തിൽ ശ്രീനിധി ഡെക്കാനായി ബൂട്ടണിഞ്ഞ താരം 22 ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും നേടി മികച്ച പ്രകടനം പുറത്തെടുത്തു.തുടർന്ന് ഹൈദരാബാദ് എഫ്.സിയിൽ തിരിച്ചെത്തിയ റാംലുൻഛുങ്ങ 2023-24 സീസണിൽ ഐ.എസ്.എല്ലിലും അരങ്ങേറ്റം കുറിച്ചു.
വിംഗുകളിലൂടെ അതിവേഗം മുന്നേറാനും എതിർ പ്രതിരോധനിരയെ മറികടന്ന് മുന്നേറാനുമുള്ള മിടുക്കാണ് താരത്തിന്റെ പ്രധാന കരുത്ത്. മികച്ച പന്ത് നിയന്ത്രണവും ഒഴിഞ്ഞ ഇടങ്ങളിലേക്ക് പന്തുമായി കുതിക്കാനുള്ള വേഗതയും അറ്റാക്കിംഗ് തേർഡിൽ താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. മുന്നേറ്റനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ സാധിക്കുമെന്നത് ടീമിന്റെ ആക്രമണത്തിന് പുതിയ മാനങ്ങൾ നൽകും.
ഐ ലീഗിലും ഐ.എസ്.എല്ലിലുമുള്ള പരിചയസമ്പത്തുമായി എത്തുന്ന റാംലുൻഛുങ്ങയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ വേഗതയും കരുത്തും പകരും. ഐ.എസ്.എൽ സീസണിന്റെ മുന്നോടിയായി ചെന്നൈയിൽ നടക്കുന്ന പ്രീസീസൺ ക്യാമ്പിൽ ചേർന്ന റാംലുൻഛുങ്ങ സഹതാരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
