കൊൽക്കത്തയിൽ ഇന്ത്യയെ നാലുഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ

OCTOBER 3, 2026, 11:30 PM

ബ്രസീലിനോട് ഇന്ത്യ നാണംകെട്ടില്ല. വഴങ്ങിയത് നാലുഗോളുകൾ മാത്രം. അതിൽ രണ്ടെണ്ണവും ക്യാപ്ടൻ കൂടിയായ ഗോളിയുടെ പിഴവിൽ നിന്ന്. രണ്ടാം പകുതിയിൽ ക്യാപ്ടനെത്തന്നെ മാറ്റിയ ഇന്ത്യ തോൽവിയിൽ നിന്ന് രക്ഷപെട്ടില്ലെങ്കിലും വലിയ നാണക്കേട് ഒഴിവാക്കിയെന്ന ആത്മവിശ്വാസത്തോടെയാണ് ബ്രസീലിനെതിരായ ചരിത്രമത്സരം പൂർത്തിയാക്കിയത്.

സ്‌ക്വാഡിലെ 22 പേരെയും ഇരുപകുതികളിലുമായി ഇന്ത്യ കളത്തിലിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളുരുവിൽ പാനമയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ഫസ്റ്റ് ഇലവനിൽ കളിച്ചിരുന്ന വിക്രം പ്രതാപ് സിംഗിന് പകരം സഹൽ അബ്ദുൽ സമദിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഫസ്റ്റ് ഇലവൻ പ്രഖ്യാപിച്ചത്.

ആഷിക്ക് കുരുണിയൻ, ബിജോയ് വർഗീസ് എന്നീ മലയാളികളും ഫസ്റ്റ് ഇലവനിലുണ്ടായിരുന്നു. ഗോളിയും ക്യാപ്ടനുമായ ഗുർപ്രീത് സിംഗ്, അഭിഷേക് സിംഗ്, അൻവർ അലി, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ലാലെംഗ്മാവിയ, മൻവീർ, റയാൻ വില്യംസ് എന്നിവരാണ് ചരിത്രമത്സരത്തിന് ഫസ്റ്റ് ഇലവനിലുണ്ടായിരുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.

vachakam
vachakam
vachakam

ഡിഫൻഡർ മാർക്വിഞ്ഞോസാണ് ബ്രസീലിനെ നയിച്ചത്. വിനീഷ്യസ് ജൂനിയർ, എസ്റ്റീവോ, പെഡ്രോ എന്നിവർ മുന്നേറ്റത്തിലിറങ്ങി. മിഡ്ഫീൽഡേഴ്‌സായി ഡാനിലോ, ആന്ദ്രേ സാന്റോസ്, ഗബ്രിയേൽ ബോണ്ടെംപോ എന്നിവരും ഡിഫൻഡർമാരായി ഡഗ്‌ളസ് സാന്റോസ്, മാത്യൂസിഞ്ഞോ, ആർതർ ഡയസ് എന്നിവരും ഫസ്റ്റ് ഇലവനിലിറങ്ങി. 4-3-3 ശൈലിയിലാണ് ആഞ്ചലോട്ടി തന്റെ സൈന്യത്തെ വിന്യസിച്ചത്.

ഇന്ത്യയുടെ ടച്ചിൽ കളിതുടങ്ങിയെങ്കിലും ആദ്യമിനിട്ടിൽതന്നെ ബ്രസീൽ കോർണർ നേടി. തുടർനീക്കങ്ങളിൽ എസ്റ്റീവോ വലയിലേക്ക് തൊടുത്തെങ്കിലും പുറത്തേക്കാണ് പോയത്. രണ്ടാം മിനിട്ടിൽ മൻവീർ ഒരു ഹൈബാൾ കണക്ട് ചെയ്ത് ബ്രസീൽ ഹാഫിലേക്ക് കയറിപ്പോൾ ഇന്ത്യൻ ആരാധകർ ഉണർന്നെങ്കിലും ഒന്നുമുണ്ടായില്ല. ആറാം മിനിട്ടിൽ ഇന്ത്യയും ആദ്യ കോർണർ നേടി.

ഇത് മറ്റൊരു കോർണറിൽ കലാശിച്ചു. ബ്രസീൽ പ്രതിരോധം ക്‌ളിയർ ചെയ്ത പന്ത് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത അപൂയ വെളിയിലേക്കാണടിച്ചത്. തൊട്ടുപിന്നാലെ പന്തുമായി തിരിച്ചുകയറിയ വിനീഷ്യസ് ഇന്ത്യൻ വലയ്ക്ക് മുകളിലേക്കടിച്ചു. പിന്നാലെ വിനീഷ്യസിന്റെ ഒരു ഷോട്ട് ഇന്ത്യൻ ഗോളി ഗുർപ്രീത് തട്ടിക്കളഞ്ഞു.

vachakam
vachakam
vachakam

10-ാം മിനിട്ടിൽ വിനീഷ്യസിനെ തടുക്കുന്നതിൽ ബിജോയ്ക്ക് പിഴച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 12-ാം മിനിട്ടിൽ ബ്രസീൽ പ്രതിരോധത്തിനെ വെട്ടിയൊഴിഞ്ഞ് മൻവീർ നടത്തിയ മുന്നേറ്റം ഗാലറിയിൽ ആവേശം നിറച്ചെങ്കിലും ഫലമുണ്ടായില്ല. 16-ാം മിനിട്ടിലെ മൻവീറിന്റെ ലോംഗ്‌ഷോട്ട് വലയ്ക്ക് മുകളിലൂടെ പറന്നു. 25-ാം മിനിട്ടിലെ സഹലിന്റെ ഡ്രിബിളിംഗും ആവേശം പടർത്തി.

28-ാം മിനിട്ടിലാണ് എസ്റ്റേവോയിലൂടെ ബ്രസീൽ ആദ്യഗോൾ നേടിയത്. വലതുവശത്തുനിന്ന് കിട്ടിയപന്തുമായി ബോക്‌സിനടുത്തേക്ക് കയറിയ എസ്റ്റേവോയുടെ ഇടംകാലൻ ഷോട്ട് തടുക്കാൻ ഗുർപ്രീത് സജ്ജനായിരുന്നെങ്കിലും ശക്തിയേറിയ ഷോട്ട് കയ്യിൽ തട്ടി വലയിലേക്ക് കയറി. 36-ാം മിനിട്ടിൽ ഗുർപ്രീതിന്റെ നല്ലൊരു ക്‌ളോസ് സേവ് കണ്ടു. എന്നാൽ 42-ാം മിനിട്ടിൽ പെഡ്രോയുടെ ഗോളും ഗുർപ്രീതിന്റെ കയ്യിൽതട്ടിയാണ് വലയിൽ കയറിയത്. 44-ാം മിനിട്ടിൽ ഗുർപ്രീതിന്റെ കയ്യിൽനിന്ന് വഴുതിയ പന്ത് വലയിൽ കയറാതിരുന്നത് ഭാഗ്യത്തിനാണ്.

രണ്ടാം പകുതിയിൽ ഗോളിയെത്തന്നെമാറ്റിയ ഇന്ത്യ 58-ാം മിനിട്ടിൽ അടുത്ത ഗോളും വഴങ്ങി. അരങ്ങേറ്റത്തിനിറങ്ങിയ ഗോളി പ്രഭ്കസുഖൻ ഗില്ലിനെ കാഴ്ചക്കാരനാക്കി ഷോട്ട് തൊടുത്തത് വിനീഷ്യസിന് പകരമെത്തിയ സാമുവൽ ലിനോയാണ്. ഇതിന് പിന്നാലെ ഇന്ത്യ സഹലിനെയും അഭിഷേകിനെയും മാറ്റി എഡ്മണ്ടിനെയും വൽപുയിയയേയും ഇറക്കി.

vachakam
vachakam
vachakam

തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് ഏറ്റവും നല്ല അവസരം ലഭിച്ചത് 67-ാം മിനിട്ടിലാണ്. ഒറ്റയ്ക്ക് ഓടിക്കയറിയ മൻവീർ റയാൻ വില്യംസിന് മറിച്ചു നൽകി. പക്ഷേ റയാൻ അടിച്ചത് പുറത്തേക്ക്. ഇലവനിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയെങ്കിലും ഒരു ഗോളെങ്കിലും തിരിച്ചടിക്കുകയെന്ന ഇന്ത്യൻ മോഹം ലക്ഷ്യം കാണാതെ ഫൈനൽ വിസിൽ മുഴങ്ങി.

അതിന് തൊട്ടുമുമ്പ് എങ്ങനെയാണ് ഗോളടിക്കേണ്ടതെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച് ലിനോ ബ്രസീലിന്റെ നാലാംഗോളും നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam