ജമ്മു കശ്മീരിനെ 167 റൺസിന് പരാജയപ്പെടുത്തി റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് ഉയർത്തി. പേസർമാരായ മുകേഷ് കുമാറിന്റെയും ആകാശ് ദീപിന്റെയും തകർപ്പൻ ബോളിംഗ് പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിന്റെ രണ്ടാം ഇന്നിംഗ്‌സ് വെറും 111 റൺസിന് അവസാനിക്കുകയായിരുന്നു.
വിജയത്തിനായി 279 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ജമ്മു കശ്മീരിന് സമനില നേടിയാൽ പോലും ആദ്യ ഇന്നിംഗ്‌സിലെ 41 റൺസ് ലീഡിന്റെ കരുത്തിൽ കിരീടം നേടാമായിരുന്നു.
മത്സരത്തിൽ ഉച്ചഭക്ഷണത്തിന് ശേഷം 22 റൺസ് ചേർക്കുന്നതിനിടെയാണ് അവർക്ക് അവസാന ഏഴ് വിക്കറ്റുകളും നഷ്ടമായത്. മുകേഷ് കുമാർ 33 റൺസ് വഴങ്ങി 6 വിക്കറ്റും, ആകാശ് ദീപ് 25 റൺസ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ റെസ്റ്റ് ഓഫ് ഇന്ത്യ തങ്ങളുടെ 31-ാം ഇറാനി കപ്പ് കിരീടമാണ് സ്വന്തമാക്കിയത്. അവസാന അഞ്ച് സീസണുകളിൽ അവരുടെ മൂന്നാമത്തെ കിരീട നേട്ടമാണിത്. രണ്ടാം ഇന്നിംഗ്‌സിൽ ശുഭം ഖജൂരിയയും ഖമ്രാൻ ഇഖ്ബാലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇവർ 54 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ ഇഖ്ബാലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 15-ാം ഓവറിൽ മുകേഷ് കുമാർ ഇരട്ട പ്രഹരമേൽപ്പിച്ചു. ശുഭം പന്ദിറിനെ എൽബിഡബ്ല്യുവാക്കിയ അദ്ദേഹം, ജമ്മു കശ്മീരിന്റെ ക്യാപ്ടൻ പരസ് ഡോഗ്രയെ ക്ലീൻ ബൗൾഡുമാക്കിയതോടെ ആതിഥേയർ 3 വിക്കറ്റിന് 65 റൺസ് എന്ന നിലയിലായി. ഉച്ചഭക്ഷണ സമയത്ത് 3 വിക്കറ്റിന് 89 റൺസ് എന്ന നിലയിലായിരുന്ന ജമ്മു കശ്മീരിന് പക്ഷെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ ഖജൂരിയയുടെ വിക്കറ്റ് നഷ്ടമായി.
തുടർന്ന് ടീമിന്റെ തകർച്ച വേഗത്തിലായി. കനയ്യ വാധ്വാനിയെയും പിന്നീട് അഭിനവ് മുഷ്താഖ്, ഉമർ നസീർ, സുനിൽ കുമാർ എന്നിവരെയും പുറത്താക്കിയ മുകേഷ് കുമാർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 11-ാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആകാശ് ദീപ് സാഹിൽ ലോത്രയെയും പുറത്താക്കിയതോടെ ജമ്മു കശ്മീരിന്റെ ഇന്നിംഗ്‌സ് 28.4 ഓവറിൽ അവസാനിച്ചു. നേരത്തെ, 8 വിക്കറ്റിന് 306 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ 319 റൺസിന് പുറത്തായി.
ആദ്യ ഇന്നിംഗ്‌സിൽ 68 റൺസ് നേടിയ സ്മരൺ, രണ്ടാം ഇന്നിംഗ്‌സിൽ 135 റൺസെടുത്ത് ടോപ് സ്‌കോററാവുകയും ചെയ്തു. സ്മരണും മുകേഷ് ചൗധരിയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീം സ്‌കോർ ഉയർത്തി. ആദ്യ ഇന്നിംഗ്‌സിൽ 237 റൺസിന് പുറത്തായ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് എതിരെ ജമ്മു കശ്മീർ 278 റൺസ് നേടി ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ സ്മരണിന്റെ രണ്ടാം ഇന്നിംഗ്‌സ് സെഞ്ചുറിയുടെ ബലത്തിൽ തിരിച്ചടിച്ച റെസ്റ്റ് ഓഫ് ഇന്ത്യ എതിരാളികൾക്ക് മറികടക്കാനാവാത്ത വിജയലക്ഷ്യം ഒരുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
