ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം പാകിസ്ഥാൻ ഓൾ റൗണ്ടർ സയ്യിം അയൂബ് നൽകിയ യാത്രയയപ്പിനെതിരെ
രൂക്ഷവിമർശനവുമായി മുൻ പാക് താരം കമ്രാൻ അക്മൽ.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അയൂബ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് അക്മൽ തുറന്നടിച്ചു. ഇന്ത്യൻ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. 9 പന്തിൽ 15 റൺസെടുത്ത് നിൽക്കെ അയൂബിനെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചാണ് വൈഭവ് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായത്. ഔട്ടായി ഡഗ് ഔട്ടിലേക്ക് മടങ്ങുകയായിരുന്ന വൈഭവിനെ നോക്കി കുട്ടികളെ തൊട്ടിലാട്ടുന്ന രീതിയിലുള്ള 'ബേബി ഇൻ ദി ക്രേഡിൽ' ആംഗ്യം കാണിച്ചാണ് അയൂബ് കളിയാക്കിയത്.
സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം വഴിവെച്ച ഈ സംഭവത്തിൽ പാക് ക്രിക്കറ്റിലെ മുതിർന്ന താരങ്ങളും അതൃപ്തി പ്രകടിപ്പിച്ചു. ഒരു കായിക ചർച്ചാ പരിപാടിയിലാണ് കമ്രാൻ അക്മൽ അയൂബിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചത്.
'ഇത്തരം കാര്യങ്ങൾ കുറേക്കാലമായി നടക്കുന്നു. നമ്മുടെ പ്രകടനം ഒട്ടും മികച്ചതല്ല, പക്ഷേ സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയാണ് ഇവർ ഓരോന്ന് കാണിച്ചുകൂട്ടുന്നത്. ടീം മാനേജ്‌മെന്റ് ഇതിനെക്കുറിച്ച് ചിന്തിക്കണം. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്. എതിരാളിക്ക് 13ഓ 14ഓ 15ഓ വയസാകട്ടെ, അവൻ കളിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലാണ്. സയ്യിം അയൂബ് ഒരു കുട്ടിയല്ല, സ്വന്തം പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവൻ ചെയ്യേണ്ടത് ' അക്മൽ വ്യക്തമാക്കി.
അയൂബിന്റെ ഈ പ്രകോപനം അധികനേരം നീണ്ടുനിന്നില്ല. തൊട്ടടുത്ത പന്തുകളിൽ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമ്മ അയൂബിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഒരു കൂറ്റൻ സിക്‌സറും രണ്ട് ഫോറുമടിച്ച് അഭിഷേക് അയൂബിന് കൃത്യമായ മറുപടി നൽകി. മത്സരത്തിൽ 19 റൺസ് ജയം നേടി ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
