ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. സംഭവം അപകടമല്ലെന്നും മനഃപൂർവ്വം തീവെച്ചതാണെന്നും റെയിൽവേ പോലീസ് കണ്ടെത്തി. കേസിൽ നാസിക് സ്വദേശിയായ രവി ബോറാക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്ക് കടുത്ത അടിമയായ ഇയാൾ, സ്റ്റേഷൻ പരിസരത്തുവെച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം ട്രെയിൻ ബോഗിക്ക് തീയിടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11:30 ഓടെയാണ് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം യാത്രാവസാനം നിർത്തിയിട്ടിരുന്ന കോച്ചിൽ വൻ തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കോച്ച് പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തിരുന്നു.
സംഭവസമയത്ത് മറ്റ് യാത്രക്കാർ ഉള്ളിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തുടക്കത്തിൽ ഷോർട്ട് സർക്യൂട്ട് മൂലമുള്ള അപകടമാണെന്ന് സംശയിച്ചിരുന്നെങ്കിലും സ്റ്റേഷൻ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് റെയിൽവേ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
