ദാമന്‍: റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം വളര്‍ത്തിയെടുക്കാനും വേറിട്ട ക്യാമ്പയിനുമായി കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലിയിലെ ദാമന്‍ ജില്ലാ ഭരണകൂടം. മഹീന്ദ്ര ഥാര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളുടെ ഉടമകളെ ഒരുമിച്ച് അണിനിരത്തി ദാമന്‍ ജില്ലാ കളക്ടര്‍ സൗരഭ് മിശ്രയാണ് റോഡ് സുരക്ഷാ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി ബുധനാഴ്ച രാത്രിയാണ് ഈ അസാധാരണ ചടങ്ങ് സംഘടിപ്പിച്ചത്.
വിശാലമായ മൈതാനത്ത് നൂറുകണക്കിന് ഥാറുകളും ഫോര്‍ച്യൂണറുകളും നിരനിരയായി പാര്‍ക്ക് ചെയ്ത ശേഷമാണ് ഉടമകളെ വാഹനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി പ്രതിജ്ഞ ചൊല്ലിച്ചത്. റോഡില്‍ അമിത വേഗതയിലോ അശ്രദ്ധമായോ വാഹനമോടിക്കില്ലെന്നും റേസിംഗ്, ഡ്രിഫ്റ്റിംഗ് തുടങ്ങിയ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയോ അതിന് മറ്റുള്ളവരെ അനുവദിക്കുകയോ ചെയ്യില്ലെന്നും ഉടമകള്‍ സത്യം ചെയ്തു. മദ്യപിച്ച് വാഹനമോടിക്കില്ലെന്നും അനധികൃത സൈലന്‍സറുകള്‍, എക്സ്ട്രാ ലൈറ്റുകള്‍, വീതിയേറിയ ടയറുകള്‍, സണ്‍ഫിലിം എന്നിവ ഉപയോഗിച്ച് വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും ഇവര്‍ പ്രതിജ്ഞയെടുത്തു. സുരക്ഷാ സന്ദേശങ്ങള്‍ എഴുതിയ പ്ലകാര്‍ഡുകളുമായി നിരവധി ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഥാര്‍ എന്നത് ഗുണ്ടാ സ്വഭാവം കാണിക്കാനുള്ള വാഹനമല്ലെന്നും മറിച്ച് അത് ഉത്തരവാദിത്വമാണെന്നും കളക്ടര്‍ സൗരഭ് മിശ്ര പറഞ്ഞു. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കും റോഡരികില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കും സഹായം നല്കാന് തയാറാകുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കണം ഓരോ ഥാര്‍ ഉടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുത്തേറിയ ഇത്തരം വാഹനങ്ങള്‍ രാജ്യത്തുടനീളം അശ്രദ്ധമായ ഡ്രൈവിംഗിനും അപകടങ്ങള്‍ക്കും കാരണമാകുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലായിരുന്നു നടപടി.
ഈ സുരക്ഷാ സന്ദേശം അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യാനും കളക്ടര്‍ ആവശ്യപ്പെട്ടു. സ്വന്തം വാഹനങ്ങളെക്കുറിച്ച് രാജ്യ വ്യാപകമായി സുരക്ഷിത ഡ്രൈവിംഗ് ബോധവല്‍ക്കരണം നടത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നാണ് കളക്ടറുടെ നിലപാട്. പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
