ടെല്‍ അവീവ്: യമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ പ്രാദേശിക സൈനിക പ്രതിരോധത്തില്‍ അറബ് രാജ്യങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍. ലെബനീസ് വാര്‍ത്താ മാധ്യമമായ അല്‍ അക്ബറാണ് യു.എസ് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യമന്റെ പടിഞ്ഞാറന്‍ തീരത്ത് ഹൂതികള്‍ സ്വാധീനം ഉറപ്പിക്കുന്നതും രാജ്യാന്തര വാണിജ്യത്തിന് നിര്‍ണായകമായ ബാബ് അല്‍-മന്ദേബ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്നതുമാണ് ഇസ്രയേലിനെ ഇത്തരം ഒരു നീക്കത്തിലേക്ക് നയിക്കുന്നത്.
തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദേബ് കടലിടുക്കിലെ പെരിം ദ്വീപിലേക്ക് ഹൂതികള്‍ മുന്നേറുന്നത് ഇസ്രയേല്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ കടലിടുക്കിന്റെ നിയന്ത്രണം ഹൂതികളുടെ കൈകളിലെത്തുന്നത് ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയേക്കാള്‍ വലിയ അപകടം സൃഷ്ടിക്കുമെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രയേലിന്റെ സാമ്പത്തിക-വ്യാപാര മേഖലകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ മേഖലയിലൂടെ ചെങ്കടല്‍ മാര്‍ഗം ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചെങ്കടലിലെയും ബാബ് അല്‍-മന്ദേബിലെയും കപ്പല്‍ പാതകളുടെ സുരക്ഷയ്ക്കായി അറബ് രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ ഇസ്രയേലിന് കഴിയുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
അതേസമയം യമന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സൗദി അറേബ്യ ഇസ്രയേലിന്റെ ഈ സഹകരണ വാഗ്ദാനത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഹൂതികള്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കാന്‍ സൗദി ആവശ്യപ്പെട്ടിരുന്നെങ്കിലും യുഎസ് അത് നിരസിച്ചിരുന്നു. ഹൂതി ഭീഷണി വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഈലാറ്റ് തുറമുഖ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇസ്രയേല്‍ വിപുലമായ സൈനികാഭ്യാസം പൂര്‍ത്തിയാക്കി.
കടല്‍, വ്യോമ, കര മാര്‍ഗ്ഗങ്ങളിലൂടെ ഉണ്ടാകാനിടയുള്ള നുഴഞ്ഞുകയറ്റങ്ങള്‍, വ്യാപകമായ ബന്ദികളാക്കല്‍, സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും പിടിച്ചെടുക്കുന്ന സാഹചര്യങ്ങള്‍ എന്നിവയെ നേരിടാന്‍ സൈന്യത്തെ സജ്ജമാക്കാനാണ് ഇസ്രയേല്‍ ഈ അഭ്യാസം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
