അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ് പ്രശസ്തമായ എൻജോയ് എൻജാമി എന്ന പാട്ടിനെ ചുറ്റിപ്പറ്റിയുള്ള വിവാദം. സംഗീതസംവിധായകൻ സന്തോഷ് നാരായണനെയും റാപ്പർ അറിവിനെയും ചുറ്റിപ്പറ്റിയാണ് വിവാദം. സാമൂഹിക മാധ്യമങ്ങളിലൂടെ ഇരുവരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
സന്തോഷ് നാരായണനും അദ്ദേഹത്തിന്റെ മകൾ ധീയും ചേർന്ന് പാട്ടിൽ അറിവ് നൽകിയ സംഭാവനകൾ മറച്ചുവച്ച് ക്രെഡിറ്റ് സ്വന്തമാക്കിയെന്നൊരു ആരാധകന്റെ കുറിപ്പാണ് പുതിയ വിവാദത്തിന് തുടക്കമായത്. പാട്ടിനായി തനിക്ക് അർഹമായ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്രെഡിറ്റ് മുഴുവനും സന്തോഷ് നാരായണന്റെയും ധീയുടെയും പേരിലാണെന്നും ചൂണ്ടിക്കാട്ടിയാണ് അറിവ് പ്രതികരിച്ചത്. “അവർ എനിക്ക് സംഗീതത്തിന്റെ അടിസ്ഥാന താളം അയച്ചു. അതിന് ഞാൻ വരികൾ എഴുതി. എന്റെ സാംസ്കാരിക പാരമ്പര്യവും ജീവിതാനുഭവങ്ങളും ചേർത്തുകൊണ്ട് പ്രധാന ഗാനം ഞാൻ തന്നെ ഒരുക്കുകയും പാടുകയും ചെയ്തു. സംഗീതം ഒരുമിച്ച് ചെയ്യുന്ന പ്രവർത്തിയാണെങ്കിലും അതിന്റെ ക്രെഡിറ്റും പ്രതിഫലവും അങ്ങനെ തന്നെയായിരിക്കണം,” എന്നാണ് അറിവ് പറഞ്ഞത്.
പാട്ടിന്റെ ചിത്രീകരണം നടന്നത് തന്റെ ഗ്രാമത്തിലാണെന്നും അവിടുത്തെ ജീവിതവും സംസ്കാരവും ജനങ്ങളിലേക്ക് എത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് താൻ പങ്കാളിയായതെന്നും അറിവ് വ്യക്തമാക്കി. എന്നാൽ അവസാനത്തിൽ തനിക്ക് വെറും ‘ഫീച്ചറിംഗ് ആർട്ടിസ്റ്റ്’ എന്ന നിലയിലാണ് പരിഗണന ലഭിച്ചതെന്നും പാട്ടിന്റെ മുഴുവൻ വരികളും പ്രധാന മെലഡിയും താനാണ് ഒരുക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
“അഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പാട്ടിന്റെ അവകാശവും റോയൽറ്റിയും മറ്റുള്ള സഹപ്രവർത്തകർക്ക് ലഭിക്കുന്നുണ്ട്. എനിക്ക് പ്രതിഫലമോ ഉടമസ്ഥാവകാശമോ ലഭിച്ചിട്ടില്ല. ഇത് സഹാനുഭൂതി നേടാനല്ല പറയുന്നത്; ക്രെഡിറ്റ്, അവകാശം, തൊഴിൽ ബഹുമാനം എന്നിവയെക്കുറിച്ചാണ് ഞാൻ പറയുന്നത്. സ്വതന്ത്ര കലാകാരന്മാർ എല്ലാവരും കരാറുകൾ ഉറപ്പാക്കുകയും സ്വന്തം അവകാശങ്ങൾ അറിയുകയും വേണം,” എന്നും അറിവ് കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെയാണ് സന്തോഷ് നാരായണൻ മറുപടിയുമായി രംഗത്തെത്തിയത്. അറിവ് ഉന്നയിക്കുന്ന ആരോപണങ്ങൾ യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. “നിനക്ക് നിന്റെ അഭിപ്രായം പറയാം. എന്നാൽ നീ ഉന്നയിക്കുന്ന സാങ്കേതികവും നിയമപരവുമായ അവകാശവാദങ്ങൾ ശരിയല്ല. നീ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും വേദിയിൽ തുറന്ന ചര്‍ച്ചയ്ക്ക് ഞാൻ തയ്യാറാണ്. നീ എന്നെ എല്ലായിടത്തും തടഞ്ഞതിനാലാണ് ഇവിടെ മറുപടി നൽകുന്നത്,” എന്നാണ് സന്തോഷ് നാരായണൻ കുറിച്ചത്.
അറിവ് തന്നെ സാമൂഹിക മാധ്യമങ്ങളിലെ എല്ലാ വേദികളിലും ബ്ലോക്ക് ചെയ്തുവെന്നും പ്രശ്നം പരിഹരിക്കാൻ പലതവണ ശ്രമിച്ചിട്ടും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ലെന്നും സന്തോഷ് നാരായണൻ പറഞ്ഞു. കഴിഞ്ഞ വർഷം സഹോദരിയുടെ വിവാഹത്തിന് ക്ഷണിക്കാൻ അറിവ് തന്റെ വീട്ടിലെത്തിയിരുന്നുവെന്നും എന്നാൽ അന്ന് താൻ വിദേശത്തായതിനാൽ കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പ്രശ്നം പരിഹരിക്കാൻ തന്നെയാണ് താൻ സന്തോഷ് നാരായണന്റെ വീട്ടിലെത്തിയതെന്നും എന്നാൽ ആ ശ്രമങ്ങൾ ഫലപ്രദമായില്ലെന്നും അറിവ് പ്രതികരിച്ചു. ഇത് വെറും സാമൂഹിക മാധ്യമ വിവാദമല്ലെന്നും യഥാർത്ഥ വസ്തുതകൾ പുറത്തുവരട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മകൾ സമീഷയ്ക്കൊപ്പം ട്വിന്നിംഗ് ലുക്കിൽ ശില്പ ഷെട്ടി
'സായി പല്ലവിയെ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു, ഇതിലും മികച്ചൊരു സീതയില്ല'; രൺബീർ കപൂർ
അമ്മയുടെ മരണാനന്തര ചടങ്ങുകളെ ചുറ്റിപ്പറ്റിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്
'സിനിമ തടഞ്ഞത് ഭയം കാരണം'; ജനനായകൻ റീലീസ് വൈകുന്നതിൽ മൗനം വെടിഞ്ഞ് വിജയ്