മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമായി രണ്ടാഴ്ച കടന്ന സാഹചര്യത്തിൽ, ആവശ്യമായാൽ സഹായിക്കാൻ കാനഡ തയ്യാറാണെങ്കിലും യുദ്ധത്തിൽ ആക്രമണപരമായി ഇടപെടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രതിരോധ മന്ത്രി ഡേവിഡ് മെക്ഗൈന്റി. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രദേശത്തെ അയൽരാജ്യങ്ങൾക്ക് ആവശ്യമായാൽ സഹായം നൽകാൻ വാതിൽ തുറന്നുവെച്ചിരിക്കുകയാണ്, എന്നാൽ ഈ യുദ്ധത്തിൽ കാനഡ ആക്രമണപരമായ പങ്കാളിത്തം എടുക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേ ദിവസം നോവാ സ്കോഷ്യയിൽ കാനഡയുടെ ഉടമസ്ഥതയിലുള്ള ഒരു സ്പേസ് ലോഞ്ച് പാഡ് വാടകയ്ക്ക് എടുക്കാൻ 200 മില്യൺ ഡോളർ ചെലവിടുന്ന പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ കാനഡ സഹായിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴും “ഈ യുദ്ധത്തിൽ ആക്രമണമായി ഞങ്ങൾ ഇടപെടില്ല” എന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
കഴിഞ്ഞ മാസം അവസാനം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാന് മേൽ ആക്രമണം നടത്തിയതോടെയാണ് മേഖലയിൽ സംഘർഷം ശക്തമായത്. തുടർന്ന് ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾക്കും എംബസികൾക്കും, ചില ഗൾഫ് രാജ്യങ്ങൾക്കും തിരിച്ചാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹോർമുസ് കടലിടുക്ക് വിഷയം ഇപ്പോഴും മാറുന്ന സാഹചര്യത്തിൽ ഞായറാഴ്ച ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്, കടലിടുക്ക് തുറന്നുവയ്ക്കാൻ ചില രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. എന്നാൽ ഈ വിഷയത്തിൽ സ്ഥിതി ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നും മക്ഗിന്റി പറഞ്ഞു.
“അദ്ദേഹം പറഞ്ഞത് എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. അതിനാൽ ഞങ്ങൾ നാറ്റോ കൂട്ടാളികളുമായി ചർച്ച നടത്തുകയും അതനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും" എന്നും ട്രംപിന്റെ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കാനഡക്ക് ആ പ്രദേശത്തേക്ക് നാവിക സേന കപ്പലുകൾ അയയ്ക്കാനുള്ള ശേഷിയോ താൽപര്യമോ ഉണ്ടോ എന്ന ചോദ്യത്തിന്, ഈ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കാനഡയോട് ആരും ആലോചിച്ചിട്ടില്ലെന്നും ഇപ്പോൾ യുദ്ധത്തിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയോട് യുദ്ധത്തിൽ ആക്രമണപരമായ പങ്ക് വഹിക്കണമെന്ന് ഔദ്യോഗികമായി ആരും ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കാനഡ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, നാറ്റോ സഹായിക്കാത്തപക്ഷം മോശം ഭാവി നേരിടേണ്ടി വരും എന്ന ട്രംപിന്റെ മുന്നറിയിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് നാറ്റോയിലെ എല്ലാ അംഗങ്ങളും പരിശോധിക്കുന്ന വിഷയമാണെന്ന് മക്ഗിന്റി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
