ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിൽ മൂന്നാം തവണയും ജനവിധി തേടുന്ന തനിക്ക് വിവാദങ്ങൾ കരുത്താണ് പകരുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തം നിറവേറ്റുമെന്നും തന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അവർ പറഞ്ഞു. മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നടന്ന റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിഭ.
പൊതുപ്രവർത്തക എന്ന നിലയിൽ നേരിടേണ്ടി വന്ന വിമർശനങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്ന് പ്രതിഭ വ്യക്തമാക്കി. "ഒരു വീട്ടമ്മയായി ഇരിക്കുകയാണെങ്കിൽ ആരും വിമർശിക്കില്ല. വലിയ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. അത് ചെറിയ സമയത്തേക്ക് വിഷമിപ്പിച്ചേക്കാം, എന്നാൽ അസത്യങ്ങൾ അധികകാലം പ്രചരിപ്പിക്കാനാവില്ല. പൊതുപണം ഒരിക്കലും ദുർവിനിയോഗം ചെയ്തിട്ടില്ല," അവർ കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടത് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് യു. പ്രതിഭ പറഞ്ഞു. "സുധാകരൻ പാർട്ടി വിടാൻ പാടില്ലായിരുന്നു. ആരും പാർട്ടി വിട്ടുപോകുന്നത് വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറി ഇതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്," അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയം എന്നത് ഒരാളുടെ മാത്രം നേട്ടമല്ലെന്നും അത് പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും പ്രതിഭ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു. പ്രതിഭ. പത്തിയൂർ പാലം ഉൾപ്പെടെയുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന പ്രതിഭയെ പൂഷ്പങ്ങൾ നൽകിയും ഷാൾ അണിയിച്ചും ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
