കൊച്ചി: കുന്നത്തുനാട് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി. ശ്രീനിജന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ അവസാന ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനത്തിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയിൽ 1.90 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
‘സ്ലേറ്റ്’ എന്ന പേരിൽ കുന്നത്തുനാട് മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലൻസ് അന്വേഷണ പരിധിയിലായത്. പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. സെന്റ് തെരേസാസ് വെൽഫെയർ സൊസൈറ്റിയായിരുന്നു പദ്ധതിയുടെ നടത്തിപ്പ്.
2023-24 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിക്ക് രണ്ട് ഘട്ടങ്ങളിലായി 1.90 കോടി രൂപ ബിപിസിഎൽ നൽകിയെന്നാണ് പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ജെയ്സൽ ജബ്ബാർ ആരോപിക്കുന്നത്. എന്നാൽ ഈ തുക ഉപയോഗിച്ച് യാതൊരു പ്രവർത്തനവും നടത്തിയില്ലെന്നും, പദ്ധതിയുടെ മറവിൽ പി.വി. ശ്രീനിജൻ സ്വന്തം നിലയിൽ പണപ്പിരിവ് നടത്തിയെന്നും പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് സർക്കാർ മാറിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. അതേസമയം, പദ്ധതി നടത്തിപ്പ് സുതാര്യമാണെന്നും എല്ലാ കാര്യങ്ങളും വിജിലൻസിന് മുന്നിൽ വിശദീകരിക്കുമെന്നും സെന്റ് തെരേസാസ് വെൽഫെയർ സൊസൈറ്റി അധികൃതർ പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായാണ് പി.വി. ശ്രീനിജന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
