തമിഴ് സിനിമയിൽ മാത്രമല്ല, കേരളത്തിലും വലിയ ആരാധകവൃന്ദമുള്ള നടനാണ് വിജയ് സേതുപതി. തമിഴിനൊപ്പം മറ്റ് ഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായിയാണ് അദ്ദേഹം അഭിനയിച്ച അവസാന മലയാള ചിത്രം.
ഇതിന് ശേഷം എന്തുകൊണ്ടാണ് മലയാള സിനിമകളിൽ അഭിനയിക്കാത്തതെന്ന് നടൻ ഇപ്പോൾ വിശദീകരിച്ചു. അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്.
‘മാർക്കോണി മത്തായിക്ക് ശേഷം മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടു. പക്ഷേ അവയിൽ ഒന്നും തനിക്ക് പ്രത്യേകമായി ഇഷ്ടമായില്ല. ചിലപ്പോൾ കഥ കേട്ട് താൻ ഒക്കെ പറയും. എന്നാൽ പിന്നീട് അവർ വീണ്ടും വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് പല കഥകളും വരാറുണ്ട്. എന്നാൽ മനസ്സിലിടം പിടിക്കുന്ന കഥകൾ ഇതുവരെ കിട്ടിയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു.
മലയാള സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ തുടരും എന്ന സിനിമ കണ്ടതായും ഏറെ ഇഷ്ടപ്പെട്ടതായും നടൻ വ്യക്തമാക്കി. കൂടാതെ മമ്മൂട്ടി അഭിനയിച്ച കളങ്കാവൽ സിനിമയും മികച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിജയ് സേതുപതിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ മണികണ്ഠൻ ഒരുക്കുന്ന തമിഴ് വെബ് സീരീസ് കാട്ടാൻ റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദിയിലെ സൂപ്പർഹിറ്റ് പരമ്പരയായ ഫർസിയ്ക്ക് ശേഷം വെബ് സീരീസ് ലോകത്തേക്ക് വിജയ് സേതുപതി മടങ്ങിയെത്തുന്ന പ്രൊജക്റ്റാണ് ഇത്.
മാർച്ച് അവസാനവാരത്തോടെ ജിയോ ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തവും സങ്കീർണ്ണവുമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഈ സീരീസിലെ വേഷമെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
