'പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ എത്തുന്നു'; കെ സുധാകരനെ അനുകൂലിച്ച് കണ്ണൂ‍രിൽ ബാനർ

MARCH 16, 2026, 10:06 PM

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം നിലനിൽക്കെ, കണ്ണൂരിൽ കെ. സുധാകരനെ അനുകൂലിച്ച് വീണ്ടും ബാനറുകൾ പ്രത്യക്ഷപ്പെട്ടു. "പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ എത്തുന്നു" എന്ന വാചകങ്ങളോടെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലാണ് സുധാകരൻ അനുകൂലികൾ ബാനർ സ്ഥാപിച്ചത്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുമ്പോഴും പോരാട്ടവീര്യവുമായി സുധാകരൻ രംഗത്തുള്ളത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംപിമാരെ മാറ്റിനിർത്തണമെന്ന നിർദ്ദേശം എം.കെ. രാഘവൻ, അടൂർ പ്രകാശ് എന്നിവർക്കൊപ്പം കെ. സുധാകരനും നേരത്തെ തന്നെ തള്ളിയിരുന്നു. പ്രവർത്തകരുടെ വികാരം മാനിച്ചാണ് താൻ മത്സരത്തിനൊരുങ്ങുന്നതെന്നും അർഹതയുള്ളവർ മത്സരിക്കണമെന്നുമാണ് സുധാകരന്റെ നിലപാട്.ഈ വിഷയത്തിൽ ഹൈക്കമാൻഡുമായി നേരിട്ട് ചർച്ച നടത്തുന്നതിനായി സുധാകരൻ ഡൽഹിയിലേക്ക് തിരിച്ചതായാണ് വിവരം. നേതൃത്വം വഴങ്ങിയില്ലെങ്കിൽ സുധാകരൻ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ കോൺഗ്രസിന്റെ വിജയസാധ്യതകളെ ബാധിച്ചേക്കാം.

കെ. സുധാകരൻ കലാപക്കൊടി ഉയർത്തിയാൽ അത് കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളെയും ബാധിക്കുമെന്ന ഭീതിയിലാണ് യുഡിഎഫ് നേതൃത്വം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ സുധാകരന്റെ നിലപാട് നിർണ്ണായകമാകും. മറുഭാഗത്ത് സിപിഐഎം കരുത്തയായ നേതാവ് കെ.കെ. ശൈലജയെ പേരാവൂരിൽ കളത്തിലിറക്കിയതോടെ പോരാട്ടം കനക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുധാകരനെ പിണക്കുന്നത് മലബാറിൽ വലിയ തിരിച്ചടിയാകുമെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ.

vachakam
vachakam
vachakam

എംപിമാർ നിയമസഭയിലേക്ക് വരുന്നത് ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിമാറുമെന്ന ആശങ്കയിലാണ് ഹൈക്കമാൻഡ്. എന്നാൽ പിണറായി സർക്കാരിനെ നേരിടാൻ സുധാകരനെപ്പോലൊരു കരുത്തൻ നിയമസഭയിൽ വേണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങൾക്ക് സുധാകരൻ വഴങ്ങുമോ അതോ മത്സരരംഗത്ത് ഉറച്ചുനിൽക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam