ഡാറ്റാ സെന്ററുകളുടെ പരിസ്ഥിതി ആഘാതം വെളിപ്പെടുത്തണം; എഐ കമ്പനികളോട് യു.എന്‍ മേധാവി

JUNE 23, 2026, 12:29 PM

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ച പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന ആഘാതം എന്തൊക്കെയെന്ന് തുറന്ന് പറയാന്‍ എഐ കമ്പനികളോട് ആഹ്വാനം ചെയ്ത് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ലണ്ടന്‍ ക്ലൈമറ്റ് ആക്ഷന്‍ വീക്കില്‍ സംസാരിക്കവെയാണ് 2030 ഓടെ ഡാറ്റാ സെന്ററുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എത്രത്തോളമെന്ന് കമ്പനികള്‍ പരസ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

ആഗോളതലത്തില്‍ വര്‍ധിച്ച് വരുന്ന എഐ വിപ്ലവവും ഫോസില്‍ ഇന്ധനങ്ങളിലുള്ള അമിത ആശ്രയത്വവുമാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധികള്‍ വ്യത്യസ്തമായി തോന്നാമെങ്കിലും, ഇവയുടെയെല്ലാം വിനാശകരമായ ഉത്ഭവം ഒന്നാണ്, ഫോസില്‍ ഇന്ധനങ്ങള്‍. അതുകൊണ്ടുതന്നെ ഇതിനുള്ള പരിഹാര മാര്‍ഗം ശുദ്ധമായ ഊര്‍ജ്ജ സ്രോതസുകളിലേക്കുള്ള വേഗതയേറിയതും നീതിപൂര്‍വ്വവുമായ മാറ്റമാണെന്ന് അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

2050 ഓടെ കാര്‍ബണ്‍ ഉദ്വമനം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഏഴിന കര്‍മ്മപദ്ധതിയും യു.എന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവും അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന വാതകങ്ങളുടെ അളവും തുല്യമാക്കുന്ന അവസ്ഥയാണിത്.

യു.എന്നിന്റെ ഏഴിന കര്‍മ്മപദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:

എഐ കമ്പനികളുടെ സുതാര്യത: 2030-ഓടെ എഐ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ വെളിപ്പെടുത്തുക.

ശുദ്ധമായ ഊര്‍ജ്ജം: പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനവും ഉപയോഗവും വേഗത്തിലാക്കുക.

നീതിപൂര്‍വ്വമായ തൊഴില്‍ മാറ്റം: ഹരിത ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതുമാണെന്ന് ഉറപ്പാക്കുക.

മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍: പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുക.

വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുക.

വ്യാജ വിവരങ്ങള്‍ക്കെതിരെയുള്ള പോരാട്ടം: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ പ്രതിരോധിക്കുക.

വ്യവസായവല്‍ക്കരണത്തിന് മുന്‍പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ഭൂമിയുടെ ശരാശരി താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ അധികം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ പിന്തുണയ്ക്കുന്ന ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2016 ലെ പാരിസ് കാലാവസ്ഥാ കരാറിലെ പ്രധാന ലക്ഷ്യമായിരുന്നു ഈ താപനില നിയന്ത്രണം. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യു.എസ് രണ്ടാം തവണയും ഈ കരാറില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് യു.എന്‍ മേധാവിയുടെ നിര്‍ണായക പ്രതികരണം.

താപനിലയിലുണ്ടാകുന്ന ഓരോ ചെറിയ വര്‍ദ്ധനവും ഭൂമിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഗുട്ടറസ് ഓര്‍മ്മിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam