രണ്ട് പതിറ്റാണ്ടിന്റെ സേവനത്തിന് വിരാമം: ദക്ഷിണാഫ്രിക്കയിലെ പെണ്‍പള്ളിക്കൂടം പൂട്ടാന്‍ ഓപ്ര വിന്‍ഫ്രി

JULY 31, 2026, 11:42 AM

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കായി രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സ്‌കൂളിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ ഓപ്ര വിന്‍ഫ്രി അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ശാക്തീകരണവും സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുമായി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 2007-ല്‍ ഓപ്ര വിന്‍ഫ്രി 'ഓപ്ര വിന്‍ഫ്രി ലീഡര്‍ഷിപ്പ് അക്കാദമി ഫോര്‍ ഗേള്‍സ്' സ്ഥാപിച്ചത്. സ്‌കൂളിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മണ്ടേലയും പങ്കെടുത്തിരുന്നു.

ഓപ്രയുടെ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് സ്‌കൂള്‍ നടത്തി വന്നതും സാമ്പത്തിക സഹായം നല്‍കിയിരുന്നതും. എന്നാല്‍ ധാരണാപത്ര പ്രകാരം ജോഹന്നാസ്ബര്‍ഗിന് സമീപമുള്ള അക്കാദമി ക്യാമ്പസ് ഒടുവില്‍ പ്രൊവിന്‍ഷ്യല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം. കേവലം ഒരു സ്‌കൂള്‍ നിര്‍മ്മിക്കുക എന്നതായിരുന്നില്ല തന്റെ സ്വപ്‌നമെന്ന് അക്കാദമി പുറത്തുവിട്ട പ്രസ്താവനയില്‍ ഓപ്ര വ്യക്തമാക്കി. യുവതികളുടെ അതിരുകളില്ലാത്ത കഴിവുകളില്‍ നിക്ഷേപം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ആ ദൗത്യം ഒരു ക്യാമ്പസില്‍ മാത്രം അവസാനിക്കുന്നില്ല. വിദ്യാഭ്യാസത്തിലൂടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കുന്ന ഓരോ പെണ്‍കുട്ടിയിലൂടെയും അത് തുടര്‍ന്നു കൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയിലുടനീളമുള്ള മികച്ച സ്‌കൂളുകളില്‍ പഠിക്കുന്ന പ്രതിഭകളായ പെണ്‍കുട്ടികള്‍ക്കായി വിപുലമായ ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിക്കൊണ്ട് ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് അക്കാദമി അറിയിച്ചു. ഇതുവരെ 500-ലധികം പെണ്‍കുട്ടികള്‍ ഈ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവരില്‍ പലരും ദക്ഷിണാഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഉന്നതപഠനം നടത്തുകയും ചെയ്തു.

21 ക്ലാസ് മുറികള്‍, ആറ് സയന്‍സ്-കംപ്യൂട്ടര്‍ ലാബുകള്‍, 10,000 പുസ്തകങ്ങളുള്ള ലൈബ്രറി, 600 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്റര്‍ എന്നിവയുള്‍പ്പെടുന്ന 52 ഏക്കറിലെ അക്കാദമി ക്യാമ്പസ് ഗൗട്ടെങ് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഭൂമിയും കെട്ടിടവും ഭാവിയില്‍ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ സാമ്പത്തിക സഹായത്തോടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഗൗട്ടെങ് പ്രൊവിന്‍ഷ്യല്‍ വിദ്യാഭ്യാസ മന്ത്രി ലെബോഗാംഗ് മയിലെ ഉറപ്പുനല്‍കി.

2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഡോര്‍മിറ്ററിയിലെ ഒരു ജീവനക്കാരി തങ്ങളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചതോടെ സ്‌കൂള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ഓപ്ര വിന്‍ഫ്രി ദക്ഷിണാഫ്രിക്കയിലെത്തി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും നേരിട്ട് കാണുകയും പരസ്യമായി മാപ്പ് പറയുകയും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. 2010 ല്‍ കോടതി ഈ ജീവനക്കാരിയെ കുറ്റവിമുക്തയാക്കിയിരുന്നു.

English summary

Media mogul Oprah Winfrey has announced that the Oprah Winfrey Leadership Academy for Girls in South Africa will close at the end of next year, handing over its 52-acre Johannesburg campus to the Gauteng provincial education department as originally agreed. Inspired by former President Nelson Mandela and opened in 2007, the fully funded academy has educated over 500 underprivileged girls who went on to attend top global universities, surviving early controversy surrounding student abuse allegations in 2007 that ended in an acquittal. While the government has yet to reveal its future plans for the state-of-the-art facilities, Winfrey’s charitable foundation confirmed that her commitment to South African girls' education will endure through an expanded national scholarship program supporting talented students across the country.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam