ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വൂചിച്ച് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടു മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് വൂചിച്ചിന്റെ ഈ നിര്‍ണായക നീക്കം. വരുന്ന ഒക്ടോബര്‍ 25-ന് നടക്കാനിരിക്കുന്ന അടിയന്തര പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ 'സര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടി'യെ നയിക്കാനും പ്രധാനമന്ത്രിയായി തിരികെ അധികാരത്തിലെത്താനുമാണ് വൂചിച്ച് ലക്ഷ്യമിടുന്നത്.
സെര്‍ബിയന്‍ ഭരണഘടന അനുസരിച്ച് തുടര്‍ച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ നിയമപരമായ തടസ്സമുള്ളതാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വൂചിച്ച് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് നിലവിലെ പാര്‍ലമെന്റ് സ്പീക്കറും മുന്‍ പ്രധാനമന്ത്രിയുമായ അന ബ്രനാബിച്ച് സെര്‍ബിയയുടെ താത്കാലിക പ്രസിഡന്റായി ചുമതലയേറ്റെടുത്തു.
രാജ്യത്ത് ശക്തമായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളാണ് വൂചിച്ചിന്റെ രാജിയിലേക്ക് വഴിതെളിച്ച പ്രധാന ഘടകം. 2024 നവംബറില്‍ വടക്കന്‍ നഗരമായ നോവി സാദിലെ റെയില്‍വേ സ്റ്റേഷനില്‍ കൂറ്റന്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 16 പേര്‍ ദാരുണമായി കൊല്ലപ്പെട്ട ദുരന്തത്തോടെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതിയും സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയുമാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപിച്ച് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ സമരം സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെയുള്ള പ്രക്ഷോഭമായി മാറി.
കഴിഞ്ഞ 14 വര്‍ഷമായി വൂചിച്ച് തുടരുന്ന ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും അക്കാദമീഷ്യന്‍മാരും പൊതുജനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രക്ഷോഭം രാജ്യമെമ്പാടും പടര്‍ന്നുപിടിച്ചു. ഈ ബഹുജന മുന്നേറ്റം വൂചിച്ചിന്റെ ഭരണകൂടത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്. വരാനിരിക്കുന്ന ഒക്ടോബര്‍ 25-ലെ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷവും പ്രക്ഷോഭകരുടെ ശക്തമായ സഖ്യവും തമ്മില്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന് വൂചിച്ച് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
