ന്യൂയോര്‍ക്ക്: ആഗോള ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച ഐപിഒയ്ക്ക് തൊട്ടുപിന്നാലെ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്‌പേസ് എക്‌സിന് വന്‍ തിരിച്ചടി. വിപണിയിലെ പെട്ടെന്നുള്ള ഓഹരി വിറ്റഴിക്കലിനെത്തുടര്‍ന്ന് മസ്‌കിന്റെ ആകെ ആസ്തിയില്‍ ഒറ്റയടിക്ക് 240 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ആഗോള കമ്പ്യൂട്ടിങ് ഭീമനായ ഐബിഎമ്മിന്റെ ആകെ വിപണി മൂല്യത്തിന് തുല്യമാണ് മസ്‌കിന് ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമായ ഈ തുക.
ഈ വന്‍ തകര്‍ച്ച നേരിട്ടെങ്കിലും ലോകത്തിലെ ഏക ട്രില്യണയര്‍ പദവിയും ലോക സമ്പന്നരിലെ ഒന്നാം സ്ഥാനവും ഇലോണ്‍ മസ്‌ക് നിലനിര്‍ത്തിയിട്ടുണ്ട്.
സ്‌പേസ് എക്‌സ് വിപണിയില്‍ സംഭവിച്ചത് എന്ത്?
പൊതു ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യദിനം 20% നേട്ടമുണ്ടാക്കിയ സ്‌പേസ് എക്‌സ്, വിപണി മൂല്യത്തില്‍ ആമസോണിനെപ്പോലും മറികടന്ന് 2.78 ട്രില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നേരിട്ട 16.43% ഇടിവോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ നിന്ന് 400 ബില്യണ്‍ ഡോളറാണ് തുടച്ചുനീക്കപ്പെട്ടത്. നിലവില്‍ 2.03 ട്രില്യണ്‍ ഡോളറാണ് സ്‌പേസ് എക്‌സിന്റെ വിപണി മൂല്യം. സ്‌പേസ് എക്‌സില്‍ ഏകദേശം 500 കോടി ഓഹരികളുള്ള മസ്‌കിന്റെ ആസ്തി ഇതോടെ 1.32 ട്രില്യണ്‍ ഡോളറില്‍ നിന്ന് 1.08 ട്രില്യണ്‍ ഡോളറായി ചുരുങ്ങി.
ഇതിനുപുറമേ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഓഹരികള്‍ ഈ വര്‍ഷം ഇതുവരെ 7 ശതമാനത്തിലധികം ഇടിവ് നേരിട്ടതും മസ്‌കിന്റെ സമ്പത്ത് താഴേക്ക് വരാന്‍ കാരണമായി.
ചൊവ്വാ ദൗത്യവും 7.5 ട്രില്യണ്‍ ഡോളര്‍ ബോണസും
സ്‌പേസ് എക്‌സ് സമര്‍പ്പിച്ച എസ്-1 രേഖകള്‍ പ്രകാരം മസ്‌കിന് ഇനിയും ആസ്തി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള വമ്പന്‍ പ്ലാനുകളുണ്ട്. എന്നാല്‍ അതിനുള്ള നിബന്ധനകള്‍ അത്ര ലളിതമല്ല. കമ്പനിയുടെ വിപണി മൂല്യം 7.5 ട്രില്യണ്‍ ഡോളറില്‍ എത്തിക്കുക, ഒപ്പം ചൊവ്വയില്‍ ചുരുങ്ങിയത് 10 ലക്ഷം ആളുകളുള്ള ഒരു സ്ഥിരതാമസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ മസ്‌കിന് ബോണസായി 100 കോടി ക്ലാസ് ബി കോമണ്‍ ഓഹരികള്‍ കൂടി ലഭിക്കും.
നിക്ഷേപകര്‍ക്കിടയിലെ ഭിന്നത
സ്‌പേസ് എക്‌സിന്റെ വാല്യൂവേഷനെക്കുറിച്ച് വിപണിയിലെ വന്‍കിട ഫണ്ട് മാനേജര്‍മാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. അക്കാദമിക്കര്‍ പെന്‍ഷന്‍ (ഡാനിഷ് ഫണ്ട്) സ്‌പേസ് എക്‌സിന്റെ മൂല്യം അമിതമായി കാണിച്ചിരിക്കുകയാണെന്നും കമ്പനിയുടെ ഭരണസംവിധാനം മോശമാണെന്നും ചൂണ്ടിക്കാട്ടി ഇവര്‍ നിക്ഷേപത്തില്‍ നിന്ന് മാറിനിന്നു. യു.എസ് ബാങ്ക് ഇതൊരു അപൂര്‍വ്വ അവസരമാണെന്ന് വിലയിരുത്തുന്നു. ടെലികോം, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിഫന്‍സ്, എയറോസ്‌പേസ് മേഖലകളിലെ കമ്പനിയുടെ ഭാവി മേധാവിത്വമാണ് ഈ ഐപിഒ പ്രതിഫലിപ്പിക്കുന്നത്.
അടുത്ത ട്രില്യണയര്‍ ആര്?
ഇലോണ്‍ മസ്‌കിന് പിന്നാലെ ലോകത്തെ അടുത്ത ട്രില്യണയര്‍ ക്ലബ്ബില്‍ ആരെത്തും എന്നതിനെക്കുറിച്ച് കല്‍ഷി പ്രവചന വിപണിയില്‍ ബെറ്റിങ് സജീവമാണ്. എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് ആണ് 50% സാധ്യതയോടെ പട്ടികയില്‍ മുന്നില്‍. അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 173 ബില്യണ്‍ ഡോളറാണ്. ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ ഓഹരികള്‍ ഈ വര്‍ഷം 10.5% മുന്നേറി.
മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 23% സാധ്യത കല്‍പ്പിക്കുന്നുണ്ട്. നിലവിലെ ആസ്തി 201 ബില്യണ്‍ ഡോളറാണ്. എന്നാല്‍ മെറ്റാ ഓഹരികള്‍ ഈ വര്‍ഷം 13% ഇടിവ് നേരിട്ടതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 32 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
