ഫോർട്ട് ലോഡർഡെയിൽ, ഫ്ളോറിഡ: വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എൻ.എ (ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക) കൺവെൻഷന് 2026 ഓഗസ്റ്റ് 6ന് ഫ്ളോറിഡയിലെ അത്യാധുനിക ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ വർണാഭമായ ചടങ്ങുകളോടെ തുടക്കമാകും. ഉദ്ഘാടനച്ചടങ്ങിൽ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും.
സമൂഹസേവന രംഗത്തും പൊതുപ്രവർത്തന രംഗത്തും ശ്രദ്ധേയനായതോടൊപ്പം കെ.സി.വൈ.എൽ.എൻ.എയുടെ പ്രഥമ പ്രസിഡന്റുകൂടിയായ അദ്ദേഹത്തിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് കൂടുതൽ പ്രൗഢി പകരും.
ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ പങ്കെടുക്കും. വിശ്വാസം, പാരമ്പര്യം, കുടുംബമൂല്യങ്ങൾ, സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ആത്മീയ, സാംസ്കാരിക, വിദ്യാഭ്യാസ, യുവജന, കുടുംബ, കായിക, വിനോദ പരിപാടികളുടെ സമന്വയമാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്. കൺവെൻഷന്റെ ഔദ്യോഗിക ദിനക്രമവും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൺവെൻഷന് ആത്മീയ നേതൃത്വം നൽകുന്നതിനായി കെ.സി.സി.എൻ.എ സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത്, കെ.സി.എ.എസ്.എഫ് (മയാമി) സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ, ഫാ. തോമസ് താഴപ്പള്ളിൽ, ഫാ. ബിജു പാട്ടശ്ശേരിൽ എന്നിവർ പങ്കെടുക്കും.
ഒന്നാം ദിനം - ഓഗസ്റ്റ് 6 (വ്യാഴാഴ്ച): ഉദ്ഘാടന ദിനം
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 4:30ന് വിശുദ്ധ കുർബാനയ്ക്കുശേഷം ക്നായി തൊമ്മൻ ഹാളിൽ ഉദ്ഘാടന സമ്മേളനം നടക്കും. ആതിഥേയ യൂണിറ്റുകളായ താമ്പായും മയാമിയും അവതരിപ്പിക്കുന്ന മനോഹരമായ സ്വാഗതപരിപാടികളും അരങ്ങേറും. വിവിധ വേദികളിലായി യുവജന ഐസ് ബ്രേക്കർ പരിപാടികളും ഓഫ്സൈറ്റ് യുവജന പരിപാടികളും സംഘടിപ്പിക്കും. രാത്രി 9 മണിമുതൽ ഐഡിയ സ്റ്റാർ സിംഗർ വിജയികൾ അവതരിപ്പിക്കുന്ന മെഗാ എന്റർടൈൻമെന്റ് ഷോ പ്രധാന ആകർഷണമായിരിക്കും.
രണ്ടാം ദിനം - ഓഗസ്റ്റ് 7 (വെള്ളിയാഴ്ച): പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷദിനം
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വർണാഭമായ കൺവെൻഷൻ ഘോഷയാത്രയിൽ കെ.സി.സി.എൻ.എയുടെ 25 യൂണിറ്റുകളും തനത് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന അലങ്കാരങ്ങളുമായി അണിനിരക്കും. ഘോഷയാത്ര രാവിലെ 11 മണിയോടെ ക്നായി തൊമ്മൻ ഹാളിൽ സമാപിക്കും. തുടർന്ന് Gym KNA, KCCNA Women's Forum അവതരിപ്പിക്കുന്ന പ്രൗഢഗംഭീരമായ Knanaya Royal Kingdom Pageant, സീനിയർ സിറ്റിസൺ ചർച്ചകൾ, കുട്ടികൾക്കായുള്ള മാജിക് ഷോ, വിവിധ യൂണിറ്റുകളുടെ സാംസ്കാരിക പരിപാടികൾ, സ്റ്റേജ് പെർഫോമൻസുകൾ, യുവജന ഡിജെ നൈറ്റ് എന്നിവ അരങ്ങേറും.
മൂന്നാം ദിനം - ഓഗസ്റ്റ് 8 (ശനിയാഴ്ച): മത്സരങ്ങളുടെയും കുടുംബസംഗമത്തിന്റെയും ദിനം
കെ.സി.സി.എൻ.എ ഗോട്ട് ടാലന്റ് (ആർട്ട്സ് & ലിറ്ററേച്ചർ) മത്സരങ്ങൾ, കായികമത്സരങ്ങൾ, വിവിധ സെമിനാറുകൾ, ഇൻഡോർ ടൂർണമെന്റുകൾ, വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ എന്നിവ ദിനം മുഴുവൻ നടക്കും. രാത്രി കെ.സി.വൈ.എൽ.എൻ.എ അവതരിപ്പിക്കുന്ന Mr. & Mrs. Kna & Battle of the Cities മെഗാ ഇവന്റ് പ്രധാന ആകർഷണമായിരിക്കും.
സമാപന ദിനം - ഓഗസ്റ്റ് 9 (ഞായറാഴ്ച)
വിശുദ്ധ കുർബാനയോടെയാണ് സമാപനദിന പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് കായിക ഫൈനൽ മത്സരങ്ങൾ, വിവിധ Forane Get-Together സംഗമങ്ങൾ, കോളേജ് അലുംമ്നി മീറ്റംഗ്, നാഷണൽ കൗൺസിൽ മീറ്റിംഗ്, സമാപന ബാങ്ക്വറ്റ്, കുടുംബവിരുന്ന്, യുവജന ബാങ്ക്വറ്റ്, DJ Illest അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവയോടെ കൺവെൻഷന് തിരശ്ശീല വീഴും.
ആത്മീയതയും പാരമ്പര്യവും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ഈ മഹാസംഗമത്തിൽ വിശുദ്ധ കുർബാനകൾ, ദേശീയതല കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, യുവജനകുടുംബ പരിപാടികൾ, സംഗീതവിനോദ വിരുന്നുകൾ എന്നിവ നാല് ദിവസങ്ങളിലായി അരങ്ങേറും.
'ഇത് ഒരു സാധാരണ കൺവെൻഷൻ മാത്രമല്ല; തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബഐക്യത്തിന്റെയും മഹാസംഗമമാണ്.' എന്ന സന്ദേശത്തോടെയാണ് സംഘാടകർ ലോകമെമ്പാടുമുള്ള എല്ലാ ക്നാനായ കുടുംബങ്ങളെയും ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നത്.
കെ.സി.സി.എൻ.എയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (താമ്പ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ.സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്.
ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (താമ്പ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷന്റെ വിജയത്തിനായുള്ള ശക്തമായ അടിത്തറ.
ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
