ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മാണശാലകളും ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത വ്യവസായ സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് രംഗത്ത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി സമര്‍പ്പിച്ച എസ്-1 രേഖകളിലാണ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള വിപ്ലവകരമായ പദ്ധതികള്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ചന്ദ്രനില്‍ സ്ഥിരമായ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നാസയുടെ 10 ബില്യണ്‍ ഡോളറിന്റെ ബൃഹത്തായ കരാറുകളില്‍ പങ്കാളികളാകാന്‍ സ്‌പേസ് എക്‌സും ബ്ലൂ ഒറിജിനും ഉള്‍പ്പെടെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ മത്സരരംഗത്തുണ്ട്.
നാസയുടെ പദ്ധതികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും തങ്ങളുടേതായ വലിയ വ്യാവസായിക ലക്ഷ്യങ്ങളാണ് സ്‌പേസ് എക്‌സ് മുന്നോട്ടുവെയ്ക്കുന്നത്. ചന്ദ്രനിലുള്ള അസംസ്‌കൃത വസ്തുക്കളും കുറഞ്ഞ ഗുരുത്വാകര്‍ഷണവും പ്രയോജനപ്പെടുത്തി റോക്കറ്റുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ലൂണാര്‍ മാസ് ഡ്രൈവര്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഭൂമിയിലെ പരിസ്ഥിതി സൗഹൃദമല്ലാത്തതും വലിയതോതില്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നതുമായ ഡാറ്റാ സെന്ററുകള്‍ക്ക് പകരമായി, ബഹിരാകാശത്ത് തന്നെ എഐ കമ്പ്യൂട്ടിംഗ് ശേഷിയുള്ള സാറ്റലൈറ്റുകള്‍ സ്ഥാപിക്കുകയാണ് മസ്‌കിന്റെ പ്രധാന ലക്ഷ്യം.
ചാന്ദ്ര ദൗത്യങ്ങള്‍ക്കായി അടിയന്തര അടിസ്ഥാന സൗകര്യങ്ങളും വിതരണ ശൃംഖലകളും ഒരുക്കുന്നതിന്റെ ഭാഗമായി എട്ട് പ്രമുഖ സ്വകാര്യ കമ്പനികളെ നാസ ഇതിനോടകം തിരഞ്ഞെടുത്തു കഴിഞ്ഞു. 2029 ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിര്‍ണായകമായ പര്യവേക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഊര്‍ജ്ജ-ആശയവിനിമയ സംവിധാനങ്ങള്‍ സ്ഥാപിച്ച് ബഹിരാകാശ യാത്രികര്‍ക്ക് താമസിക്കാനാവശ്യമായ അന്തരീക്ഷം ഒരുക്കാനുമാണ് നാസ പദ്ധതിയിടുന്നത്.
സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ചരിത്രത്തിലെ ഏറ്റവും വലിയ ചാന്ദ്ര സമ്പദ്വ്യവസ്ഥയ്ക്കാണ് വരും ദശകങ്ങളില്‍ ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
