കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെട്ടെങ്കിലും തീരദേശ-മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുമായി അധികൃതർ. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ താൽക്കാലികമായി മാറിനിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
താമരശ്ശേരി ചുരത്തിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുന്ന സാഹചര്യമാണ്.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി മൂലമുള്ള ദുരിതബാധിതർക്കായി 273 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 7,674 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയിൽ 75 ക്യാമ്പുകളും കോട്ടയത്ത് 64 ക്യാമ്പുകളും കോഴിക്കോട് 36 ക്യാമ്പുകളും നിലവിലുണ്ട്.
ഇന്നലെ വൈകിട്ട് വരെയുള്ള സർക്കാർ കണക്ക് പ്രകാരം മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നതായും അധികൃതർ അറിയിച്ചു.
മഴയുടെ തീവ്രത ചിലയിടങ്ങളിൽ കുറഞ്ഞെങ്കിലും നദികളിലെ ജലനിരപ്പും മണ്ണിടിച്ചിൽ സാധ്യതയുമുള്ള പ്രദേശങ്ങളും കണക്കിലെടുത്ത് തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
