മാരാർ എന്ന അക്ഷരപ്രേമി ഇനിയില്ല

OCTOBER 15, 2022, 11:33 AM

അക്ഷരാർത്ഥത്തിൽ അക്ഷരങ്ങളെ വാരിപ്പുണർന്നൊരു മനുഷ്യൻ. അങ്ങ് കോഴിക്കോട്ടെ മിഠായിത്തെരുവിൽ കേവലം 200 സ്‌ക്വയർ ഫീറ്റ് മുറിയിൽ ടിബിഎസ് എന്ന ചിന്ന പ്രസ്ഥാനം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബുക്‌ഷോപ്പ് എന്ന വിശേഷണമാണ് നേടിയെടുത്തത്. അതിന്റെ പിന്നാമ്പുറത്തൊരു പച്ചയായ ജീവിതകഥയുണ്ട്.

പുസ്തകച്ചുമടുമായി വീടുകൾ തോറും കയറിയിറങ്ങിനടന്നു. പിന്നെ ലോഡ്ജുകളിലും സ്ഥാപനങ്ങളിലും കടകളിലും  പള്ളിപ്പെരുന്നാളുള്ളയിടങ്ങളിലും ഉത്സവപ്പറമ്പുകളിലും നടന്ന് ഉപ്പൂറ്റി തേഞ്ഞാണ് മാരാർ ആദ്യകാലത്ത് പുസ്തകം വിറ്റത്.

അങ്ങിനെ പട്ടിണിയേറ്റും പാടേറ്റും കെട്ടിയുയർത്തിയതാണ് മാരാരുടെ പ്രസ്ഥാനം എന്ന് നിസംശയം പറയാം. നടന്നുവന്ന കനൽ വഴികളിൽ, തലയേറ്റിയ കൊടും വെയിലുകളിൽ മറ്റുള്ളവരുടെ കണ്ണീരും വിയർപ്പും കരച്ചിലും തിരിച്ചറിഞ്ഞ് ഇപ്പോൾ ഒട്ടേറെപ്പേരെ പഠിക്കാനും, ജീവിതം പുലർത്താനും സഹായിച്ചിരുന്നു എന്നതാണ് ജീവിതം അനുഭവിച്ച് പഠിച്ചതിന്റെ ഗുണം.

vachakam
vachakam
vachakam

കണ്ണൂർ ജില്ലയിൽ തൃശിലേരി മീത്തലെ വീട്ടിൽ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലിൽ എടവലത്തു തറവാട്ടിൽ മാരസ്യാരുടെയും മകനായാണ് 1932ൽ ജനനം.

ഒന്നര വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാർ കോഴിക്കോട്ടെക്ക് വച്ചുപിടിച്ചത്.  മറ്റൊരു നാട്ടിലാകുമ്പോൾ എന്തുപണിയെടുത്താലും മറ്റാരും കാണില്ലല്ലോ..!

അതിരാവിലെ പത്രവിൽപ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവിൽപ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്‌ക്കൊന്നു വഴിമാറി ചിന്തിച്ചു. അങ്ങിനെയൊരു കറക്കം നടത്താൻ നിശ്ചയിച്ചു. അത് തഞ്ചാവൂരിലെത്തിയാണ് നിന്നത്. അവിടെ ഭക്തിനിർഭരമായ അന്തരീക്ഷം. മനസ്സിനൊരു ശാന്തത. പിന്നൊന്നും നോക്കിയില്ല കക്ഷി. ഒരു ഹോട്ടലിൽ സപ്ലയറായിക്കൂടി. അതുമടുത്തപ്പോൾ പെട്ടിക്കടക്കാരനായും ജീവിതവേഷം കെട്ടിയാടി.

vachakam
vachakam
vachakam

അതിലൊന്നും പൂർണ്ണ സംതൃപ്തി കണ്ടെത്താനാകാതായപ്പോൾ കോഴിക്കോട്ടെക്കുതന്നെ മടങ്ങി. വീണ്ടു പുസ്തകങ്ങളെ പുണർന്നു. അങ്ങിനെ കാൽനടയായി പുസ്തകവിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിൾ സ്വന്തമാക്കിയത്. 

അമ്മയുടെ കമ്മൽ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളിൽ കോഴിക്കോടിന്റെ ഓരോ മുക്കിലും മൂലയിലുമെത്തിയായിരുന്നു പുസ്തക കച്ചവടം.  കാൽനടയിൽനിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വിൽപ്പനയിൽ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളർന്ന കഥയാണ് മാരാരുടേത്. 

1966ൽ ആണ് പൂർണ്ണ സംതൃപ്തിക്കായി പൂർണ പബ്ലിക്കേഷൻസിന് തുടക്കമിട്ടത്. 1988ൽ ടിബിഎസ് മുതലക്കുളത്ത് വമ്പൻ കെട്ടിടത്തിലേക്കും മാറി. പുസ്തകപ്രസാധനത്തിൽ അനന്യമായൊരിടം നേടിയ ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ പര്യായമായിരുന്നു ടി.ബി.എസ് ബുക്സ്റ്റാൾ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല. അക്ഷരങ്ങൾ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയിൽ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂർവരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിൾ ചവിട്ടിയിരുന്നുവെന്ന് 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയിൽ മാരാർ രേഖപ്പെടുത്തിയിരുന്നത്. 

vachakam
vachakam

അതുപറയുമ്പോൾ, മഹാനായ എം. ഗോവിന്ദനെ ഓർത്തുപോകുന്നു. 'ഭൂമിയിൽ ജനിച്ച ആർക്കും ജീവചരിത്രമെഴുതാം, കാരണം ഓരോരുത്തരുടെ ജീവിതവും വ്യത്യസ്തമാണ്. ഓരോരുത്തരുടെ ജീവിതത്തിൽനിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാവും. '

എന്നാൽ ബാലകൃഷ്ണ മാരാരുടെ ജിവചരിത്രം എന്നത് ഒരൊന്നൊന്നര ചരിത്രമാണ്. അത് വായിച്ചാലെ അതിന്റെ കാമ്പും വ്യാപ്തിയും മനസ്സിലാവൂ. ഒരു വ്യക്തിയുടെ ജീവചരിത്രം ആ വ്യക്തിയ്ക്കുമാത്രമല്ല സമൂഹത്തിനാകെ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന്. റാഗ്‌സ് ടു റിച്ചസ് എന്ന ഇംഗ്ലീഷ് പ്രയോഗം അക്ഷരംപ്രതി സത്യമാണ്  മാരാരുടെ ജീവിതത്തിൽ.

അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് ജയിക്കുമെന്ന ഇച്ഛാശക്തിയും ആത്മവിശ്വാസവും ഒപ്പംതന്നെ കഠിനാദ്ധ്വാനവും മാത്രമാണ്.  ഒറ്റയിരിപ്പിന് ആ ജീവിതകഥ മുഴുവൻ വായിച്ചു തീർക്കാൻ പറ്റും. അങ്ങിനെ വായിച്ചുതീർക്കാൻ പറ്റുന്ന പുസ്തകങ്ങൾ ഇന്ന് എത്രയുണ്ട് മലയാളത്തിൽ എന്നൊന്നും ചോദിക്കരുത്. എഴുത്തുകാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണല്ലോ നമ്മുടെ സാംസ്‌ക്കാരിക കേരളം.

മാരാരുടെ സമർപ്പണമനോഭാവം സമ്മതിച്ചുകൊടുക്കണം. ടി.ബി.എസ് ബുക്സ്റ്റാൾ, പൂർണ എന്നീ സ്ഥാപനങ്ങൾ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് എത്തിയപ്പോഴും അഹന്തയുടെ നീരാളിപ്പിടുത്തത്തിലമർന്നു കൊടുക്കാൻ മാരാർ ഒരുക്കമല്ലായിരുന്നു. ആ അക്ഷരപ്രേമിക്ക് പ്രണാമം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam