ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനും സെലക്ടർമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും മുൻ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. സീനിയർ പേസർ മുഹമ്മദ് ഷാമിയെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും പൂർണമായി തഴഞ്ഞ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ നിലപാടിനെതിരെയാണ് ശ്രീകാന്ത് രൂക്ഷ വിമർശനം ഉയർത്തിയത്. 2023ലെ ഏകദിന ലോകകപ്പിൽ 24 വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളറായ ഷമി, 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികവ് കാട്ടിയിട്ടും ഷാമിയെ സെലക്ടർമാർ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചില്ല.
2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ പേസ് നിരയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ സ്റ്റാർ സപോർട്‌സിലാണ് ശ്രീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, മൊഹ്‌സിൻ ഖാൻ എന്നിവർ നല്ല ബൗളർമാരാണ്. ഇവരെ ആരും എഴുതിത്തള്ളരുത്. ലോകകപ്പിന് ഇനി 15 മാസത്തോളം സമയമുള്ളതിനാൽ ഇവർക്ക് ടീമിലെത്താൻ അവസരമുണ്ട്. എന്നാൽ ഷാമി ഒരു അസാമാന്യ ബൗളറായിരുന്നു. എന്നാൽ ഇന്ത്യൻ ടീം മാനേജ്‌മെന്റ് അവഗണിച്ച് അവഗണിച്ച് അവനെ ഒന്നുമല്ലാത്തവനാക്കി എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ ജസ്പ്രീത് ബുംറയുടെ തോളിലാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ലോകകപ്പിലേക്ക് അടുക്കുമ്പോൾ ബുംറയുടെ ജോലിഭാരം മാനേജ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഇന്ത്യയുടെ അപൂർവ്വ വജ്രമാണവൻ. ബുംറയുണ്ടെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പ് ജയിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ. അവൻ ഇല്ലെങ്കിൽ മറ്റ് ബൗളർമാരെ വെച്ച് ഇന്ത്യയ്ക്ക് ഒരു സാധ്യതയുമില്ല. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളിൽ ബുംറയ്ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണയ്ക്കും മുഹമ്മദ് സിറാജിനും തിളങ്ങാനാകുമെന്നും ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യൻ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗിനെ ഏകദിന ക്രിക്കറ്റിലേക്ക് പരിഗണിക്കരുതെന്നും ശ്രീകാന്ത് തുറന്നടിച്ചു. അർഷ്ദീപ് 50 ഓവർ ഫോർമാറ്റിന് അനുയോജ്യനല്ല. രണ്ട് ഓവറിന് ശേഷം പന്തിന് സ്വിംഗ് ലഭിക്കില്ല. സ്വിംഗ് ഉള്ളപ്പോൾ മാത്രമാണ് അവൻ അപകടകാരിയാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20യിൽ പോലും ആദ്യ ഓവറിന് ശേഷം ബാറ്റർമാർ അവനെ തല്ലിച്ചതയ്ക്കുകയായിരുന്നു. അതിനാൽ അവനെ ഏകദിനത്തിലേക്ക് പരിഗണിക്കരുതെന്നും ശ്രീകാന്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
