ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് തകർപ്പൻ ജയം കൈവരിക്കാനായെങ്കിലും പകരം നായികയായ സ്മൃതി മന്ദാനയ്ക്ക് നാണക്കെടിന്റെ റെക്കോർഡ്.
റെഗുലർ ക്യാപ്ടൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് ടീമിനെ നയിക്കാനിറങ്ങിയ സ്മൃതി മന്ദാന, മത്സരത്തിലെ ആദ്യ പന്തിൽ തന്നെ പുറത്തായി നാണക്കെടിന്റെ റെക്കോർഡ് തന്റെ പേരിൽ കുറിച്ചു. അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ (Golden Duck) പുറത്താകുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന മോശം റെക്കോർഡാണ് സ്മൃതിക്ക് ലഭിച്ചത്.
ചെംസ്‌ഫോർഡിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഇംഗ്ലണ്ട് പേസർ ലോറൻ ബെല്ലിന്റെ ആദ്യ പന്തിൽ തന്നെ ഡ്രൈവിന് ശ്രമിച്ച സ്മൃതിയെ ചാർലി ഡീൻ മിന്നൽ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഷഫാലി വർമ്മയെയും (2) പുറത്താക്കി ലോറൻ ബെൽ ഇന്ത്യയെ 7 റൺസിന് 2 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിയിട്ടു. ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള 29കാരിയായ സ്മൃതിയുടെ കരിയറിലെ ആറാമത്തെ ഡക്ക് ഔട്ടായിരുന്നു ഇത്.
തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച യസ്തിക ഭാട്ടിയയും (40 പന്തിൽ 54) ജെമീമ റോഡ്രിഗസും (40 പന്തിൽ 69) ചേർന്ന് നടത്തിയ തകർപ്പൻ കൗണ്ടർ അറ്റാക്കാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് വെറും 76 പന്തിൽ 126 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ജെമീമയുടെയും യസ്തികയുടെയും അർധസെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെന്ന കൂറ്റൻ സ്‌കോർ അടിച്ചെടുത്തു.
189 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. 67 റൺസെടുത്ത ആമി ജോൺസ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പോരാടിയത്. ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം കുറിച്ച നന്ദനി ശർമ്മ 4 ഓവറിൽ 34 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1- ന് മുന്നിലെത്തി.
ടീമിന്റെ സ്ഥിരം ക്യാപ്ടൻ ഹർമൻപ്രീത് കൗർ ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. ഹർമൻപ്രീതിന് പരിക്കിന്റെ ആശങ്കകളൊന്നുമില്ലെന്നും ലോകകപ്പിന് മുന്നോടിയായി വിശ്രമം അനുവദിച്ചതാണെന്നും രണ്ടാം മത്സരത്തിൽ താരം തിരിച്ചെത്തുമെന്നും ടോസ് സമയത്ത് സ്മൃതി മന്ദാന വ്യക്തമാക്കിയിരുന്നു. ബി.സി.സി.ഐയും തങ്ങളുടെ ഔദ്യോഗിക 'X' ഹാൻഡിലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
