അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകൾ നേരത്തെ ആരംഭിച്ച് ബി.സി.സി.ഐ. ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിക്കാൻ ബി.സി.സി.ഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായിചർച്ചകൾ ആരംഭിച്ചു.
2027 ഒക്ടോബർനവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. വൻകരയിലെ കാലാവസ്ഥ, പിച്ചുകളിലെ ബൗൺസ്, മറ്റ് സാഹചര്യങ്ങൾ എന്നിവയോട് താരങ്ങൾക്ക് പൊരുത്തപ്പെടാൻ അവസരമൊരുക്കുകയാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം.
ദക്ഷിണാഫ്രിക്കയിൽ 4 മുതൽ 6 വരെ ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കായി ടീം മാനേജ്‌മെന്റ് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. 2027 രണ്ടാം പകുതിയിൽ പരമ്പര നടത്താനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സെപ്തംബർ 2023ൽ കെ.എൽ. രാഹുലിന്റെ നായകത്വത്തിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര കളിച്ചത്.
എന്നാൽ അന്നത്തെ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ നടന്ന ടെസ്റ്റ് പരമ്പര മുൻനിർത്തി പ്രമുഖ താരങ്ങളിൽ ഭൂരിഭാഗത്തിനും വിശ്രമം അനുവദിച്ചിരുന്നു. അതിനാൽ ഇത്തവണത്തെ പരമ്പര പ്രമുഖ താരങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടൽ.
ദക്ഷിണാഫ്രിക്കയിലെ 8 വേദികളിലായാണ് ലോകകപ്പ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. ബാക്കി മത്സരങ്ങൾക്ക് സിംബാബ്‌വെയിലെ 3 വേദികളും നമീബിയയിലെ ഒരു വേദിയും ആതിഥേയത്വം വഹിക്കും. ഇതിനുമുമ്പ് 2003ലെ ഏകദിന ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക പ്രധാന ആതിഥേയരായത്.
അന്ന് സൗരവ് ഗാംഗുലിയുടെ നായകത്വത്തിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് മികച്ച ഏകദിന റെക്കോർഡല്ല ഉള്ളത്.
ഇതുവരെ കളിച്ച 59 ഏകദിനങ്ങളിൽ 24 എണ്ണത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. 31 മത്സരങ്ങളിൽ തോൽവി വഴങ്ങി. ഈ സ്ഥിതിമാറ്റാനും പുതിയ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്താനും നിർദ്ദിഷ്ട പരമ്പര സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
