തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനെച്ചൊല്ലി കെ.പി.സി.സി ഭാരവാഹി യോഗത്തിലും കടുത്ത ഭിന്നത. പദ്ധതിയിൽ നിന്ന് പൂർണ്ണമായും പിന്മാറണമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ഭാരവാഹി യോഗത്തിലും വിഷയം ചൂടേറിയ ചർച്ചയായത്.
മുൻ എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം നൽകിയതെന്നും, അതിനാൽ പദ്ധതി നടപ്പാക്കരുതെന്നും നേതാക്കൾ വാദിച്ചു.
പി.എം. നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ.എ. ഷുക്കൂർ തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ എതിർപ്പുമായി രംഗത്തെത്തിയത്. എന്നാൽ യു.ഡി.എഫ് വിജയത്തിന് പി.എം ശ്രീ വിഷയം മാത്രമല്ല കാരണമെന്ന് മുഖ്യമന്ത്രി തിരുത്തി.
മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നും എന്നാൽ സ്കൂളുകളുടെ പാഠ്യപദ്ധതിയും ഘടനയും സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്ന രീതിയിൽ കേന്ദ്രത്തിന് മുന്നിൽ കർശന ഉപാധികൾ വെക്കുമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗും പി.എം ശ്രീ നടപ്പാക്കുന്നതിനെതിരെ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
