ചേർത്തല: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എം എൽ എ. പിണറായി വിജയന് മാർക്സിസ്റ്റ് ടെക്നോളജി അറിയില്ലെന്നും പകയും പ്രതികാരവും മാത്രമാണ് അറിയാവുന്നതെന്നും പറഞ്ഞ സുധാകരൻ, പിണറായി വിജയൻ തീക്കള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കുറ്റപ്പെടുത്തി.
കമ്മ്യൂണിസത്തിന്റെ സുഗന്ധമില്ലാത്ത സി പി എം നേതാക്കൾ സാധാരണക്കാരുടെ വീടുകളിലേക്ക് പോകാറില്ലെന്നും സമ്പന്നരുടെ വീടുകളിലും ഹോട്ടലുകളിലുമാണ് ഭക്ഷണവും താമസവുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആ ശാപ്പാട് കഴിഞ്ഞ് എഴുന്നേൽക്കാൻ കഴിയാത്തവരാണ് ഇപ്പോൾ സി പി എം നേതാക്കൾ. ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്ന പലരും ഇന്നിപ്പോൾ വലിയ സമ്പന്നരായി മാറിയെന്നും സുധാകരൻ പരിഹസിച്ചു. ചേർത്തലയിൽ കെ കെ രമയ്ക്കൊപ്പം ആർ എം പി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുവെയാണ് സുധാകരൻ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.
ടി പി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയത് ഏത് കുറ്റത്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഒരു കഠോര ഹൃദയന് മാത്രമേ ഇത്തരമൊരു മൃഗീയ കൊലപാതകത്തെ ന്യായീകരിക്കാൻ സാധിക്കൂ എന്നും സുധാകരൻ കൂട്ടിച്ചേർത്തു. സീസറിനെ പുറകിൽ നിന്ന് കുത്തിയതുപോലെ ഭ്രാന്തമായ മനോഭാവമാണ് ചിലർക്ക്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സാംസ്കാരിക കേരളം മറക്കില്ല. ഇക്കാര്യത്തിൽ ഇന്ന് വരെ സി പി എം മാപ്പ് പറഞ്ഞില്ലെന്നും പിണറായി അന്വേഷണം നടത്തിയില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം താൻ സി പി എമ്മിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും വർഷങ്ങളോളം പ്രവർത്തിച്ച പ്രസ്ഥാനമായതിനാൽ പിണറായിയെ അസഭ്യം പറയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
