യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസ് എടുത്തതിന് പിന്നാലെ ചില വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ലൈംഗികാരോപണം നേരിടുന്ന നടൻ സിദ്ദിഖിനെ ആശ്വസിപ്പിക്കുകയാണെന്ന തലക്കെട്ടോടെ പ്രചരിച്ച നടി ബീന ആന്റണിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ നടി ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ മോശം ക്യാപ്ഷനുകളോടെയാണ് വീഡിയോ പുറത്തുവന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ ബീന ആന്റണിക്കെതിരെ വ്യാപക വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് വ്യക്തമാക്കുകയാണ് നടി.
ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ തന്നെ ഏറെ വിഷമപ്പെടുത്തിയെന്നും സോഷ്യല്‍മീഡിയ പറയുന്നതല്ല, വാസ്തവമെന്നും ബീന ആന്റണി പറഞ്ഞു.
"സിദ്ദിഖ് ഇക്കയുടെ മകന്റെ മരണത്തിന് എനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അമ്മ ജനറല്‍ ബോഡിയില്‍ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. മരണം എന്നത് ഓരോരുത്തരുടെയും ജീവിതത്തില്‍ വരുമ്പോള്‍ മാത്രമേ മനസിലാകുകയുള്ളൂ. മകന്റെ വേദനയില്‍ നില്‍ക്കുന്ന അദ്ദേഹത്തെ സാന്ത്വനിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ വളച്ചൊടിച്ച് വളരെ മോശം ക്യാപ്ഷനുകളോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്".
സിദ്ദിഖ് തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരിക്കലും അതിനെയൊന്നും ന്യായീകരിക്കുന്നില്ല. കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്റെ മുന്നില്‍ വരണം. സിനിമാ മേഖല ഇപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലേക്കാണ് പോകുന്നത്. കറതീർത്ത സംഘടനയായി അമ്മ തിരിച്ചുവരട്ടെയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ബീന ആന്റണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്