സുബ്രഹ്മണ്യസ്വാമിയുടെ പ്രധാനമന്ത്രി മോഹം...!

JULY 20, 2021, 8:16 AM

ടൂള്‍ കിറ്റ് 23 ജോഷി ജോര്‍ജ്

മോദി സര്‍ക്കാരിനിപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി സുബ്രഹ്മണ്യന്‍ സ്വാമിയാണ്.പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‍ കുലംകുത്തി. സമ്പദ്ഘടന തകര്‍ന്നടിയുന്നു, ഇങ്ങിനെ പോയാല്‍ അടുത്ത മാര്‍ച്ചിനകം ഒട്ടനവധി പ്രചാരണ തന്ത്രങ്ങളാല്‍ കെട്ടിപ്പൊക്കിയ മോദി എന്ന വിഗ്രഹം തെരുവില്‍ പിച്ചിച്ചീന്തപ്പെടും...! സത്യത്തിലിപ്പോള്‍ വഴിയില്‍ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്തു വെച്ച പ്രതീതിയാണ് മോദിക്ക് വന്നുഭവിച്ചത്.
ഇപ്പോഴിതാ, സുപ്രീം കോടതി ജഡ്ജിമാരുടേയും കേന്ദ്രമന്ത്രിമാരുടേയും ആര്‍എസ്എസ് നേതാക്കന്‍മാരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന് ബിജെപി രാജ്യസഭാ എംപികൂടിയായ സാക്ഷാല്‍ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞുവെച്ചത്. പെഗാസസ് എന്ന ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്ററില്‍ കുറിച്ചതോടെയാണ് കുടത്തില്‍ കിടന്ന ഭൂതം പുറത്തുചാടിയത്.

തൊട്ടുപിന്നാലെ വെടി പോട്ടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയനാണ്. പ്രതിപക്ഷ നിരയിലെ നിരവധി പേരുടെ ഫോണുകള്‍ ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് കക്ഷി രംഗത്ത് വന്നത്. ലോക്സഭാ എംപി കാര്‍ത്തി ചിദംബരം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷീല ഭട്ട് തുടങ്ങി വലിയൊരു നിരതന്നെ നിരത്തിലിറങ്ങിയിരിക്കുകയാണ്.

vachakam
vachakam
vachakam

ആരാണി സുബ്രഹ്മണ്യന്‍ സ്വാമി..? മനോഹരമായി ചിരിക്കാനും സുന്ദരമായി സംസാരിക്കാനും അറിയാവുന്ന ഈ തമിഴ് ബ്രാഹ്മണന്‍ അരഡസണ്‍ ഭാഷകളില്‍ വിശാരദനുമാണ്. ധനതത്വശാസ്ത്രത്തില്‍ അറിവുനേടിയ കക്ഷി ഒരുകാലത്ത് ഹാര്‍വാര്‍ഡില്‍ പ്രോഫസറുമായിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞത് ഇന്ത്യന്‍ രാഷ്ട്രീയത്തോടുള്ള അഭിനിവേശം ഒന്നുമാത്രമായിരുന്നു. 1979ല്‍ സ്വാമി പറഞ്ഞു: 10 വര്‍ഷത്തിനുള്ളില്‍ താന്‍ പ്രധാനമന്ത്രിയാകും. 89ല്‍ സ്വാമി ജനതാപാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍ന്റും രാജ്യസഭാംഗവും മാത്രം.

എന്നാലതിലൊന്നും സ്വാമിക്ക് സങ്കടമില്ല. അദ്ദേഹത്തിന് ഒരു പ്രധാനമന്ത്രിയെ താഴെയിറക്കാനും മറ്റൊരാളെ പ്രതിഷ്ഠിക്കാനും സാധിച്ചല്ലൊ..? വി. പി സിങ്ങിനെ മറിച്ചിടാന്‍ രാവുകള്‍ പകലാക്കി പണിയെടുത്തു പഹയന്‍. തുടര്‍ന്ന് ചന്ദ്രശേഖറെ പ്രധാനമന്ത്രിക്കസ്സേരയിലിരുത്താന്‍ ചന്ദ്രസ്വാമിക്കൊപ്പം സുബ്രഹ്മണ്യസ്വാമിയും പാടേറെപ്പെട്ടു. അത് വെറുതെയായില്ല. വാണിജ്യനിയമ മന്ത്രിക്കസേര കൈയില്‍കിട്ടുകയും ചെയ്തു.

1939ല്‍ തമിഴ്ബ്രാഹമണന്‍ സീതാരാമസുബ്രഹ്മണ്യത്തിന് മലയാളിഭാര്യയില്‍ ജനിച്ച സുബ്രഹ്മണ്യസ്വാമി 1965ല്‍ ഹാര്‍വാര്‍ഡില്‍ പ്രൊഫസറായി.ആ പദവി നേടുന്ന ആദ്യ ഇന്ത്യാക്കാരന്‍. ഇടയ്‌ക്കെപ്പോഴൊ സ്വാമി ജനസംഘവുമായും നാനാജി ദേശ്മുകുമായും അടുത്തു. വല്ലാതങ്ങ് രാഷ്ട്രീയ മോഹം  വളര്‍ന്നതുകൊണ്ട് ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങി ജനസംഘം വഴി രാജ്യസങയിലെത്തി. വളരെ പെട്ടെന്നുതന്ന ശ്രദ്ധേയനായി. അന്ന് പാര്‍ട്ടി നേതാവായിരുന്നു വാജ്‌പേയിക്കെതിരെ പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി. അടിയന്തിരാവസ്ഥ വന്നപ്പോല്‍ സ്വാമി രാജ്യം വിട്ടു. അടിയന്തിരാവസ്ഥ കഴിഞ്ഞുവന്ന തെരഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത് ഈസ്റ്റ് സീറ്റില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി. മന്ത്രിയാകാന്‍ പഠിച്ച പണി മുഴുവന്‍ പയറ്റിയിട്ടും നടന്നില്ല.

vachakam
vachakam
vachakam

പാര്‍ട്ടിയേയും സ്വന്തം ആശയങ്ങളേയും പലവട്ടം തള്ളിപ്പറഞ്ഞു. ഒടുവില്‍ സ്വന്തമായൊരു പാര്‍ട്ടിയുണ്ടാക്കി-ഹിന്ദുസ്ഥാന്‍ മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി. രാജ്‌നാരായണനായിരുന്നു കൂട്ട്. പിന്നേയും പല പലവിക്രിയകള്‍ ഒപ്പിച്ച് നടന്നു. പിന്നെ വന്ന 1984ലെ തെരഞ്ഞെടുപ്പില്‍ സ്വാമി തോറ്റുതുന്നം പാടി. വീണ്ടും നാടുവിട്ടു. പക്ഷെ, നാടിനെ സേവിക്കാനുള്ള ഉള്‍വിളികൊണ്ട് പിന്നെയും നാട്ടില്‍ തിരിച്ചെത്തി. പല കളികള്‍ക്കിടയില്‍ മന്ത്രിയാകാന്‍ പറ്റിയത് മിച്ചം. ഇനിയിപ്പോള്‍ പ്രധാനമന്ത്രിയാകാനുള്ള അങ്കപ്പുറപ്പാടിലാണ് സ്വാമി. സ്വാമി ശരണം എന്നല്ലാതെ നമ്മളെന്തുപറയാനാണ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam