ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന കേപ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞ ഇനി ചിലിയൻ വമ്പന്മാരായ കോളോ കോളോയ്ക്ക് വേണ്ടി വലകാക്കും. 40കാരനായ സൂപ്പർ താരവുമായി ക്ലബ്ബ് കരാറിലെത്തിയ വിവരം കോളോ കോളോ പ്രസിഡന്റ് അനിബാൽ മോസ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നിലവിൽ മറ്റൊരു ക്ലബ്ബുമായും കരാറില്ലാത്ത വൊസീഞ്ഞ, വരും ദിവസങ്ങളിൽ ചിലിയിലേക്ക് തിരിക്കും. അവിടെ വെച്ച് നടക്കുന്ന ഔദ്യോഗിക മെഡിക്കൽ പരിശോധനകൾക്ക് ശേഷം ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ മോണുമെന്റലിൽ വെച്ച് താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും.
ഡെപ്പോർട്ടസ് ലിമാഷെക്കെതിരായ ലീഗ് മൽസരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രസിഡന്റ് അനിബാൽ മോസ ഈ വൻ ട്രാൻസ്ഫർ വാർത്ത പുറത്തുവിട്ടത്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് പരിചയസമ്പന്നനായ ഈ ഗോൾകീപ്പർ ഈ വലിയ അവസരം നേടിയെടുത്തതെന്നും, ഒപ്പം ഈ ട്രാൻസ്ഫർ ക്ലബ്ബിന് വലിയ വാണിജ്യപരമായ നേട്ടങ്ങൾ സമ്മാനിക്കുമെന്നും മോസ വ്യക്തമാക്കി.
കരാർ ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ലെങ്കിലും, വൊസീഞ്ഞയുടെ വരവ് സൂചിപ്പിച്ചുകൊണ്ട് കോളോ കോളോ ക്ലബ്ബ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ചിത്രം ഇതിനകം തരംഗമായിക്കഴിഞ്ഞു. വൊസീഞ്ഞയുടെ സവിശേഷതയായ ചുരുണ്ട മുടി വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ക്ലബ്ബ്് ആരാധകരെ ആവേശത്തിലാക്കിയത്.
ലോകകപ്പിന് തൊട്ടുമുമ്പ് പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസുമായുള്ള കരാർ അവസാനിപ്പിച്ചാണ് വൊസീഞ്ഞ ടൂർണമെന്റിലേക്ക് എത്തിയത്. എന്നാൽ കേപ് വെർദെയ്ക്കായി പോസ്റ്റിന് മുന്നിൽ അദ്ദേഹം നടത്തിയ അവിസ്മരണീയ പ്രകടനങ്ങൾ താരത്തെ ലോകകപ്പിലെ ഏറ്റവും വലിയ സർപ്രൈസ് താരമാക്കി മാറ്റി. ആരാധകരുടെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട 'ഫിഫ ലോകകപ്പ് ഡ്രീം ടീമിലും' വൊസീഞ്ഞ ഇടം നേടിയിരുന്നു.
ലോകകപ്പിൽ കേപ് വെർദെയുടെ അവിസ്മരണീയമായ മുന്നേറ്റത്തിന് കരുത്തായത് വൊസീഞ്ഞയുടെ കൈകളായിരുന്നു. ടൂർണമെന്റിലെ ചാംപ്യന്മാരായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കാനും, റൗണ്ട് ഓഫ് 32ൽ റണ്ണേഴ്‌സ് അപ്പായ അർജന്റീനയെ എക്‌സ്ട്രാ ടൈം വരെ വിറപ്പിക്കാനും വൊസീഞ്ഞയുടെ അസാമാന്യ സേവുകൾക്ക് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
