തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങള്‍ പുനഃക്രമീകരിക്കാനും നിയമന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നു. പ്രാഥമിക ക്ലാസുകളിലെ കുട്ടികളുടെ പ്രത്യേക പരിചരണവും സുരക്ഷയും മുന്‍നിര്‍ത്തി ഭിന്നശേഷി അധ്യാപക നിയമനം ഉയര്‍ന്ന ക്ലാസുകളില്‍ മാത്രമായി ക്രമീകരിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. കുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വികാസത്തില്‍ അധ്യാപകരുടെ പങ്കു നിര്‍ണായകമായതിനാല്‍ പ്രവര്‍ത്തനക്ഷമതയുള്ളവരെ കണ്ടെത്തി നിയമിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.
നിലവില്‍ 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള ഏതൊരാള്‍ക്കും സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും വൈകല്യത്തിന്റെ പരമാവധി തോത് നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഫലമായി കടുത്ത മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ബഹുവിധ ഭിന്നശേഷിയുള്ളവരും വരെ നിയമിക്കപ്പെടാന്‍ ഇടയാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ള പരമാവധി പരിമിതി 70 ശതമാനമായി നിജപ്പെടുത്തണമെന്നാണ് സര്‍ക്കാറിന് ലഭിച്ച ശുപാര്‍ശയിലുള്ളത്.
അക്കാദമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വവും ആത്മവിശ്വാസവും പകരേണ്ട ചുമതല കൂടി അധ്യാപകര്‍ക്കുണ്ട്. അതിനാല്‍, വെറും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് മാത്രം പരിഗണിക്കാതെ അധ്യാപന ജോലി നിര്‍വഹിക്കാന്‍ ആവശ്യമായ ശാരീരിക-പ്രവര്‍ത്തനക്ഷമത വ്യക്തിക്കുണ്ടോ എന്ന് മെഡിക്കല്‍ ബോര്‍ഡ് വഴി ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക തസ്തിക കേന്ദ്രീകൃത പരിശോധനാ മാനദണ്ഡങ്ങള്‍ രൂപീകരിക്കാനാണ് തയാറെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
