രഞ്ജി ട്രോഫി സെമി പോരാട്ടത്തിൽ മുംബൈക്കെതിരെ വിദർഭ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. ആദ്യദിനം ടോസ് നേടി ക്രീസിലിറങ്ങിയ വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്താണ് ക്രീസ് വിട്ടത്.
47 റൺസോടെ യാഷ് റാത്തോഡും 13 റൺസോടെ അക്ഷയ് വാഡ്കറും ക്രീസിൽ. ധ്രുവ് ഷോറെ(74), ഡാനിഷ് മലേവാർ(79) എന്നിവരുടെ അർധസെഞ്ചുറികളാണ് വിദർഭക്ക് മികച്ച സ്‌കോർ ഉറപ്പാക്കിയത്. മലയാളി താരം കരുൺ നായർ 45 റൺസെടുത്തു.
മുംബൈക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിദർഭക്ക് തുടക്കത്തിലെ ഓപ്പണർ അഥർവ ടൈഡെയുടെ വിക്കറ്റ് നഷ്ടമായി. നാലു റണ്ണെടുത്ത ടൈഡെയെ റോയസ്റ്റൺ ഡയസ് പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ധ്രുവ് ഷോറെയും പാർഥ് രേഖഡെയും ചേർന്ന് വിദർഭയെ ഭേദപ്പെട്ട നിലയിലെത്തിച്ചു. പാർഥ് രേഖഡെ(23)യെ സിവം ദുബെ പുറത്താക്കിയെങ്കിലും ധ്രുവ് ഷോറെയും ഡാനിഷ് മലേവാറും ചേർന്ന് വിദർഭയെ 100 കടത്തി.
ധ്രുവ് ഷോറെ മടങ്ങിയശേഷം ക്രീസിലെത്തിയ കരുൺ നായർ മലെവാറിന് മികച്ച പിന്തുണ നൽകിയതോടെ കൂടുതൽ നഷ്ടങ്ങളില്ലാതെ വിദർഭ 200 കടന്നു. സ്‌കോർ 222ൽ നിൽക്കെ കരുൺ നായരെ പുറത്താക്കിയ ശിവം ദുബെ മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും യാഷ് റാത്തോഡും മികച്ച പിന്തുണ നൽകിയതോടെ വിദർഭ മികച്ച സ്‌കോറിലേക്ക് നീങ്ങി.
ആദ്യ ദിനം കളി നിർത്തും മുമ്പ് മലെവാറിനെ(79) പുറത്താക്കിയെങ്കിലും യാഷ് റാത്തോഡിനൊപ്പം ക്യാപ്ടൻ അക്ഷയ് വഡ്കർ ക്രീസിലുറച്ചതോടെ മുംബൈയുടെ പിടി അയഞ്ഞു. മുംബൈക്കായി ശിവം ദുബെയും ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂര്യകുമാർ യാദവും മുംബൈ പ്ലേയിംഗ് ഇലവനിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്