തനിക്ക് പിആർ ടീമില്ലെന്നും തന്റെകളി തന്നെയാണ് പിആർ എന്നും അജിങ്ക്യാ രഹാന

FEBRUARY 19, 2025, 2:49 AM

വിരമിക്കാനുദ്ദേശിക്കുന്നില്ലെന്നും വീണ്ടും ഇന്ത്യക്കായി കളിക്കാമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും തുറന്നു പറഞ്ഞ് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. തനിക്ക് പിആർ ടീം ഇല്ലെന്നും തന്റെ കളി തന്നെയാണ് തന്റെ പിആർ എന്നും രഹാനെ പറഞ്ഞു.

'ആളുകൾ എന്നോട് പറയാറുണ്ട്, നിങ്ങൾ എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കണമെന്ന്, പക്ഷെ എനിക്കതിന് പിആർ ടീമില്ല. എന്റെ ഒരേയൊരു പിആർ എന്ന് പറയുന്നത് ഗ്രൗണ്ടിലെ എന്റെ പ്രകടനങ്ങൾ മാത്രമാണ്. എന്നാൽ എല്ലായ്‌പ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കണമെന്ന് ആളുകൾ പറഞ്ഞതിന്റെ പ്രാധാന്യം ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട്. ഇല്ലെങ്കിൽ ഞാൻ ഫീൽഡ് ഔട്ടായെന്ന് ആളുകൾ കരുതും.'

'ഇപ്പോൾ രഞ്ജി ട്രോഫിയിൽ മുംബൈയെ നയിക്കുകയാണ് എന്റെ ഉത്തരവാദിത്തം. എന്നാൽ എന്റെ ലക്ഷ്യം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നത് തന്നെയാണ്. എനിക്കതിന് കഴിയുമെന്ന വിശ്വാസമുണ്ട്. എന്നെ ആദ്യം ടീമിൽ നിന്നൊഴിവാക്കിയശേഷം ആഭ്യന്തര ക്രിക്കറ്റിൽ റൺസടിച്ചാണ് ഞാൻ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചതും. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചശേഷം എന്നെ ഒഴിവാക്കിയപ്പോൾ ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്, എന്തുകൊണ്ട് ഒഴിവാക്കി എന്ന് ചോദിക്കണമെന്ന്.' ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു ശേഷം ഇന്ത്യൻ ടീമിൽനിന്ന് തഴഞ്ഞതുമായി ബന്ധപ്പെട്ട് സെലക്ടർമാർ തന്നോട് ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും രഹാനെ പറഞ്ഞു.

vachakam
vachakam
vachakam

എന്നാൽ താൻ അങ്ങനെയുള്ള ഒരാളല്ല. അങ്ങനെ ചെയ്യുന്നത് തനിക്ക് എന്തോപോലെ തോന്നും. തന്റെ പരിധിയിൽ നിൽക്കുന്ന കാര്യം കളിയിൽ മാത്രം ശ്രദ്ധിച്ച് മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയുണ്ടെന്നും അജിങ്ക്യാ രഹാനെ വ്യക്തമാക്കി.

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ഒരു കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ച രഹാനെ ഇത്തവണ നിലവിലെ ചാമ്പ്യൻമാരെ നയിക്കുമെന്നാണ് കരുതുന്നത്. നിലവിൽ രഞ്ജി ട്രോഫി സെമിയിൽ വിദർഭക്കെതിരെ മുംബൈയെ നയിക്കുകയാണ് 36കാരനായ രഹാനെ. 2020-21 ഓസ്‌ട്രേലിയൻ പര്യടനത്തിൽ രഹാനെയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടിയത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മഹത്തായ വിജയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ഓസീസ് മണ്ണിൽ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കമന്ററി പറയാനായി ക്ഷണം ലഭിച്ചിരുന്നുവെന്നും വെളിപ്പെടുത്തി അജിങ്ക്യാ രഹാനെ. ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ക്ഷണമെന്നും അതുകൊണ്ട് തന്നെ അത് തന്നെ ഞെട്ടിച്ചെന്നും രഹാനെ പറഞ്ഞു. വിരമിക്കാൻ പദ്ധതിയില്ലാത്തതിനാലും ഇനിയും കളി തുടരാനാകുമെന്ന് ഉറപ്പുള്ളതിനാലുമാണ് കമന്ററി പറയാനുള്ള ക്ഷണം നിരസിച്ചത്. വൻതുക പ്രതിഫലമായി വാഗ്ദാനം ചെയ്‌തെങ്കിലും ആ ഓഫർ താൻ സ്വീകരിച്ചില്ലെന്നും രഹാനെ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam