അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമിഫൈനലിൽ രണ്ടുദിവസത്തിലധികം ക്ഷമയോടെ പിടിച്ചുനിന്ന് 457 റൺസെടുത്ത കേരളത്തിന് ശക്തമായ തിരിച്ചടി നൽകി ആതിഥേയരായ ഗുജറാത്ത്. അഹമ്മദാബാദിൽ മൂന്നാം ദിവസമായ ഇന്നലെ 418/7 എന്ന സ്‌കോറിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിക്കാനിറങ്ങിയ കേരളം 457ന് ആൾഔട്ടായ ശേഷം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോർ മറികടക്കാൻ ഗുജറാത്തിന് ഒമ്പതുവിക്കറ്റുകൾ കയ്യിലിരിക്കേ ഇനിവേണ്ടത് 236 റൺസാണ്.
ഇന്നലെ കേരളത്തിന്റെ അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ വേഗം വീഴ്ത്തിയാണ് ഗുജറാത്ത് കളിയിലേക്ക് തിരിച്ചുവന്നത്. ആദിത്യ സർവാതെയേയും (11), എൻ.പി ബേസിലിനെയും (1) ഗുജറാത്ത് ക്യാപ്ടൻ ഗജ പുറത്താക്കിയപ്പോൾ നിഥീഷ് (5) റൺഔട്ടാവുകയായിരുന്നു. തലേന്ന് 149 റൺസുമായി നിന്ന മുഹമ്മദ് അസ്ഹറുദ്ദീൻ 177 റൺസുമായി പുറത്താകാതെ നിന്നു. 341 പന്തുകൾ നേരിട്ട അസ്ഹറുദ്ദീൻ 20 ഫോറുകളും ഒരു സിക്‌സും പറത്തി. രഞ്ജി ട്രോഫി സെമിയിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി ചരിത്രം കുറിച്ച അസ്ഹറുദ്ദീൻ രഞ്ജി സെമിയിലെ ഒരു കേരള താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറും സ്വന്തം പേരിലെഴുതിച്ചേർത്തു.
മറുപടിക്കിറങ്ങിയ ഗുജറാത്ത് പക്ഷേ കേരളത്തെപ്പോലെ പ്രതിരോധിച്ച് കളിക്കാൻ തയ്യാറായിരുന്നില്ല. ഓപ്പണർമാരായ പ്രിയങ്ക് പഞ്ചലും (117*) ആര്യ ദേശായ്‌യും (73) ചേർന്ന് നേടിയത് 131 റൺസാണ്. 37-ാമത്തെ ഓവറിൽ ആര്യയെ ബേസിൽ പുറത്താക്കിയെങ്കിലും ഫസ്റ്റ്ഡൗണായെത്തിയ മനൻ ഹിംഗ്രാജിയയെ(30*) കൂട്ടുനിറുത്തി പഞ്ചൽ സെഞ്ച്വറി കടന്ന് മുന്നേറി. ഇവർ ഇപ്പോൾ 91 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
ഓവറുകൾ ഇന്നലെ എറിഞ്ഞിട്ടും ഒരു വിക്കറ്റാണ് കേരളത്തിന് നേടാനായത്. ഓപ്പണിംഗ് സ്‌പെല്ലിൽ സ്പിന്നർ ജലജ്‌സക്‌സേനയെ പരീക്ഷിച്ച നീക്കം ഫലം ചെയ്തതേയില്ല. 236 റൺസ് കൂടി നേടുന്നതിനിടയിൽ ഗുജറാത്തിനെ ആദ്യ ഇന്നിംഗ്‌സിൽ ആൾഔട്ടാക്കാനായാൽ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ മികവിൽ ഫൈനലിലെത്താം.
ഇന്നലെ കേരളത്തിന്റെ മൂന്ന് വിക്കറ്റുകളും നഷ്ടമായത് രാവിലത്തെ ആദ്യ സെഷനിലാണ്. ഫസ്റ്റ് സെഷനിലാണ് ബൗളർമാർക്ക് അൽപ്പം പിന്തുണ കിട്ടാനിടയുള്ളത്. അഹമ്മദാബാദിലെ പിച്ച് അവസാനദിവസങ്ങളിൽ സ്പിന്നർമാർക്ക് ടേൺ നൽകുമെന്ന പ്രതീക്ഷയിലാണ് കേരളം. എന്നാൽ ഇതുവരെ അത്തരത്തിലൊരു ടേൺ ഇതുവരെയും ദൃശ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്