അഹമ്മദാബാദ് : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ ഗുജറാത്ത് 29 റൺസ് കൂടി നേടുന്നതിന് മുമ്പ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാൽ കേരളത്തിന് ചരിത്രത്തിലാദ്യമായി ഫൈനലിലെത്താം. എന്നാൽ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ തയ്യാറാകാതെ 74 റൺസുമായി പൊരുതിനിൽക്കുന്ന ജയ്മീത് പട്ടേലിന്റേയും 24 റൺസുമായി നിൽക്കുന്ന സിദ്ധാർത്ഥ് ദേശായ്‌യിലൂടെയും ആ 29 റൺസുകൾ കൂടി നേടി ഒന്നാം ഇന്നിംഗ്‌സ് ലീഡിലെത്തി ഫൈനലിലേക്ക് ടിക്കറ്റെടുക്കാനാണ് ആതിഥേയരുടെ ശ്രമം.
അഹമ്മദാബാദിലെ ആദ്യ ഇന്നിംഗ്‌സിൽ കേരളം 457 റൺസാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് നാലാം ദിവസം കളിനിറുത്തുമ്പോൾ 429 /7 എന്ന നിലയിലാണ്. ലീഡ് നേടാൻ ഗുജറാത്തിന് 29 റൺസ് കൂടി മതി. ഒരു വിക്കറ്റിന് 221 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഗുജറാത്തിന് 33 റൺസെടുത്ത മനൻ ഹിംഗ്രാജിയയുടെ വിക്കറ്റ് ഉടൻ തന്നെ നഷ്ടമായി.
ജലജ് സക്‌സേനയ്ക്കായിരുന്നു വിക്കറ്റ്. ലഞ്ചിന് മുന്നേ മൂന്ന് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് പ്രതീക്ഷ നൽകി. സെഞ്ച്വറി നേടിയ പ്രിയങ്ക പാഞ്ചലിനേയും ഉർവ്വിൽ പട്ടേലിനെയും ജലജ സക്‌സേന തന്നെയായിരുന്നു മടക്കിയത്. പ്രിയങ്ക പാഞ്ചൽ 148 റൺസും ഉർവ്വിൽ പട്ടേൽ 25 റൺസും നേടി. ന്യൂബോളെടുത്ത് തുടക്കത്തിൽ തന്നെ ഹേമങ് പട്ടേലും മടങ്ങി.
നിധീഷിന്റെ പന്തിൽ ഷോൺ റോജർ പിടിച്ചാണ് 27 റൺസെടുത്ത ഹേമംഗ് പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷം തുടരെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരളം പിടിമുറുക്കിയെങ്കിലും തുടർന്നെത്തിയ കൂട്ടുകെട്ട് ഗുജറാത്തിനെ കരകയറ്റി. ചിന്തൻ ഗജയെ ജലജ് സക്‌സേനയും വിശാൽ ജയ്‌സ്വാളിനെ ആദിത്യ സർവാടെയുമായിരുന്നു പുറത്താക്കിയത്.
എന്നാൽ എട്ടാം വിക്കറ്റിൽ ജയ്മീത് പട്ടേലും സിദ്ദാർത്ഥ് ദേശായിയും ചേർന്ന കൂട്ടുകെട്ട് 72 റൺസുമായി ബാറ്റിങ് തുടരുകയാണ്. ഇടയ്ക്ക് സിദ്ദാർഥിന്റെ ക്യാച്ച് കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി.
കേരളത്തിന് വേണ്ടി ജലജ് സക്‌സേന നാല് വിക്കറ്റ് നേടിയപ്പോൾ നിധീഷ്, ബേസിൽ, ആദിത്യ സർവാതെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്