കറാച്ചി: 29 കൊല്ലത്തിന് ശേഷം പാക് മണ്ണിൽ നടന്ന ആദ്യ ഐ.സി.സി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആതിഥേയർക്ക് തോൽവി. ഇന്നലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ആദ്യ പോരാട്ടത്തിൽ 60 റൺസിന് പാകിസ്ഥാൻ ന്യൂസിലാൻഡിനോട് തോൽക്കുകയായിരുന്നു. കിവീസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 320 റൺസടിക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 47.2 ഓവറിൽ 260 റൺസിന് ആൾഔട്ടായി.
കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ സെഞ്ച്വറികൾ നേടി ചാമ്പ്യൻസ് ട്രോഫിയിൽ അരങ്ങേറിയ വിൽ യംഗും (107) ടോം ലതാമുമാണ് (118 നോട്ടൗട്ട് ) കിവീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ പാക് ക്യാപ്ടൻ മുഹമ്മദ് റിസ്വാൻ കിവീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. യംഗ് ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും ഡെവോൺ കോൺവോയ് (10), കേൻ വില്യംസൺ (1), ഡാരിൽ മിച്ചൽ (10) എന്നിവർ പുറത്തായതോടെ കിവീസ് 16.2 ഓവറിൽ 73/3 എന്ന സ്‌കോറിലെത്തി.
തുടർന്ന് ക്രീസിലൊരുമിച്ച യംഗും ലതാമും ചേർന്ന് 118 റൺസ് കൂട്ടിച്ചേർത്തു. 112 പന്തിൽ 12 ഫോറും ഒരു സിക്‌സുമടിച്ച യംഗ് 38ൃാം ഓവറിൽ പുറത്തായശേഷം ലതാമും ഗ്‌ളെൻ ഫിലിപ്പ്‌സും (61) ചേർന്ന് കിവീസിനെ 300 കടത്തി. 104 പന്തുകൾ നേരിട്ട ലതാം 10 ഫോറുകളും മൂന്ന് സിക്‌സുകളും പറത്തിയപ്പോൾ ഫിലിപ്പ്‌സ് 39 പന്തുകളിൽ മൂന്നുഫോറും നാലുസിക്‌സും പായിച്ചു.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ വിൽ ഒ റൂർക്കെയും മിച്ചൽ സാന്റ്‌നറും രണ്ട് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും ചേർന്നാണ് പാകിസ്ഥാനെ തകർത്തത്.
മറുപടിക്കിറങ്ങിയ പാകിസ്ഥാന് സൗദ് ഷക്കീൽ(6), റിസ്‌വാൻ (3), ഫഖർ സമാൻ (24), സൽമാൻ ആഗ(42), തയ്യബ് താഹർ(1), ബാബർ അസം (64) എന്നിവരുടെ വിക്കറ്റുകൾ 34 ഓവറിനുള്ളിൽ നഷ്ടമായി. നാലാം ഓവറിൽ സൗദ് ഷക്കീലിനെയും പത്താം ഓവറിൽ റിസ്‌വാനെയും പുറത്താക്കി ഒ റൂർക്കെയാണ് പാകിസ്ഥാന് ആദ്യ പ്രഹരം നൽകിയത്.
ഫഖാർ സമാനെ ബ്രേസ്‌വെല്ലും ആഗയെ നഥാൻ സ്മിത്തും മടക്കി അയച്ചപ്പോൾ ബാബറിനും തയ്യബിനും കിവീസ് ക്യാപ്ടൻ മിച്ചൽ സാന്റ്‌നർ മടക്കടിക്കറ്റ് നൽകി. 69 റൺസ് നേടിയ കുഷ്ദിൽ ഷായും പുറത്തായതോടെ പാകിസ്ഥാന്റെ പതനം അനിവാര്യമായി.
പാക് സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഉദ്ഘാടനവേദിയായ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യ ഉൾപ്പടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകൾ ഉയർത്തി. കഴിഞ്ഞ ദിവസം ഇന്ത്യയുടെ പതാക കാണാതിരുന്നത് വിവാദമായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ യു.എ.ഇയിലാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്