ഷമിക്ക് അഞ്ചുവിക്കറ്റ്, ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി (101 നോട്ടൗട്ട്), തൗഹീദ് ഹൃദോയ് (100)
ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്‌ളാദേശിനെതിരെ ആറുവിക്കറ്റിന്റെ കൂറ്റൻ വിജയം നേടി ഇന്ത്യ. ഇന്നലെ ദുബായ്‌യിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്‌ളാദേശിനെ 49.4 ഓവറിൽ 228 റൺസിന് ആൾഔട്ടാക്കിയശേഷം 21 പന്തുകളും ആറുവിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു ഇന്ത്യ.
അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും ചേർന്നാണ് ബംഗ്‌ളാദേശിനെ ചുരുട്ടിയത്. പുറത്താകാതെ സെഞ്ച്വറിയുമായി ശുഭ്മാൻ ഗില്ലും (101*) 41 റൺസുമായി രോഹിതും കെ.എൽ രാഹുലും ചേർന്നാണ് ചേസിംഗ് ഈസിയാക്കി മാറ്റിയത്. ഞായറാഴ്ച പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശിനെ 8.3 ഓവറിൽ 35/5 എന്ന നിലയിലാക്കിയ ഇന്ത്യ തുടർന്ന് അലസത കാട്ടിയതാണ് അവരെ 228 റൺസ് വരെയെത്തിച്ചത്. ഒൻപതാം ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക്കിന്റെ അരികിലെത്തിയ അക്ഷർ പട്ടേലിന്റെ അടുത്ത പന്തിൽ രോഹിത് ശർമ്മ ക്യാച്ച് കൈവിട്ടതോടെയാണ് ജാക്കർ അലിയും (68) തൗഹീദ് ഹൃദോയ്‌യും (100) ചേർന്ന് ബംഗ്‌ളാദേശിനെ വൻതകർച്ചയിൽ നിന്ന് കരകയറ്റിയത്.
ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 154 റൺസായുരുന്നു ബംഗ്‌ളാ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഇവരെക്കൂടാതെ ഓപ്പണർ തൻസീദ് ഹസനും (25) എട്ടാമനായിറങ്ങിയ റിഷാദ് ഹൊസൈനും(18 ) മാത്രമാണ് ബംഗ്‌ളാനിരയിൽ രണ്ടക്കം കടന്നത്.
ആദ്യ ഓവറിന്റെ അവസാന പന്തിൽ തന്നെ സൗമ്യ സർക്കാരിനെ(0) കീപ്പർ രാഹുലിന്റെ കയ്യിലെത്തിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റു നേടിയത്. അടുത്ത ഓവറിൽ ബംഗ്‌ളാ ക്യാപ്ടൻ ഷാന്റോയെ (0) ഹർഷിത് റാണ വിരാടിന്റെ കയ്യിലെത്തിച്ചതോടെ അവർ 2/2 എന്ന നിലയിലായി. ഏഴാം ഓവറിൽ മെഹ്ദി ഹസനെ(5) ഗില്ലിനെ ഏൽപ്പിച്ച് ഷമി വീണ്ടും ഹീറോയായി.
ഒൻപതാം ഓവറിന്റെ രണ്ടാം പന്തിൽ തൻസീദിനെയും മൂന്നാം പന്തിൽ മുഷ്ഫിഖുറിനെയും(0) കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ച അക്ഷർ പട്ടേൽ നാലാം പന്തിൽ ജാക്കർ അലിയെ രോഹിതിന്റെ കയ്യിലേക്ക് വിട്ടെങ്കിലും ഇന്ത്യൻ ക്യാപ്ടൻ ക്യാച്ച് കൈവിട്ടതോടെ അക്ഷറിന്റെ ഹാട്രിക് മോഹം പൊലിഞ്ഞു.
35/5 എന്ന നിലയിൽ ക്രീസിലൊരുമിച്ച ജാക്കറും തൗഹീദും ചേർന്ന് 42.4 ഓവറിൽ 189/6ലെത്തിച്ചാണ് പിരിഞ്ഞത്. 114 പന്തുകൾ നേരിട്ട് നാലുഫോറുകൾ പായിച്ച ജാക്കറിനെ വിരാടിന്റെ കയ്യിലെത്തിച്ച് ഷമി തന്നെയാണ് കൂട്ടുകെട്ട് തകർത്തത്. 214ലെത്തിയപ്പോൾ റിഷാദിനെ ഹർഷിത് മടക്കി അയച്ചു.
തൻസീമിനെയും താസ്‌കിനെയും പുറത്താക്കി ഷമി അഞ്ചുവിക്കറ്റ് തികച്ചപ്പോൾ 49.4ാം ഓവറിൽ തൗഹീദിനെ പുറത്താക്കി ഹർഷിത് റാണ ബംഗ്‌ളാ ഇന്നിംഗ്‌സിന് കർട്ടനിട്ടു. 118 പന്തുകളിൽ ആറുഫോറും രണ്ട് സിക്‌സും പായിച്ചാണ് തൗഹീദ് 100 റൺസിലെത്തിയത്.
ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും(41) ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 9.5 ഓവറിൽ ടീം സ്‌കോർ 69ൽ നിൽക്കവേയാണ് രോഹിത് പുറത്തായത്. 36 പന്തുകൾ നേരിട്ട രോഹിത് ഏഴു ബൗണ്ടറികൾ പായിച്ചു. തുടർന്ന് വിരാട് (22), ശ്രേയസ് അയ്യർ (15), അക്ഷർ പട്ടേൽ (8) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായപ്പോൾ ഇന്ത്യ 30.1 ഓവറിൽ 144/4 എന്ന നിലയിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്