ഏകദിന ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് യുഎസ് എ. 50 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഏറ്റവും കുറഞ്ഞ റൺസ് നേടി എതിർടീമിനെ പ്രതിരോധിച്ച റെക്കോർഡ് ഇനി അമേരിക്കൻ ക്രിക്കറ്റ് ടീമിന്.
ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗ് 2 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 122 റൺസ് നേടി പുറത്തായെങ്കിലും പിന്നീട് ഒമാനെ 65 റൺസിന് പുറത്താക്കി 57 റൺസിന്റെ ജയം സ്വന്തമാക്കി.
ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും കുറഞ്ഞ സ്‌കോറുകൾ ടീമുകൾ പ്രതിരോധിച്ചിട്ടുണ്ടെങ്കിലും അത് മഴമൂലമോ മറ്റോ ലക്ഷ്യം പുനർനിർണയിച്ചോ ഓവറുകൾ വെട്ടിച്ചുരുക്കിയതോ ആണ്. 50 ഓവർ മുഴുവനെറിഞ്ഞ ഏകദിന മൽസരത്തിൽ ഇതാണ് റെക്കോർഡ്. 2014ൽ 105 റൺസിന് ഓൾ ഔട്ടായി ബംഗ്ലാദേശിനെ ഇന്ത്യ 58ൽ ഒതുക്കി 47 റൺസിന്റെ ജയം നേടിയിട്ടുണ്ടെങ്കിലും അന്ന് 41 ഓവർ ആണ് മത്സരം നടന്നത്.
സ്പിന്നിന് അനുകൂല പിച്ചിൽ ഇടംകൈയ്യൻ സ്പിന്നർ നോസ്തുഷ് കെഞ്ചൈജ് അമേരിക്കൻ ആക്രമണത്തിന് നേതൃത്വം നൽകി. 7.3 ഓവറിൽ നിന്ന് 5/11 എന്ന മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മത്സരത്തിൽ ഒരൊറ്റ പേസർപോലും അമേരിക്കയ്ക്ക് വേണ്ടി പന്തെറിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നേരത്തെ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഒമാൻ സ്പിൻ ആക്രമണത്തിൽ അമേരിക്കയെ 122 റൺസിൽ ഒതുക്കിയിരുന്നു. 47 റൺസെടുത്ത മിലിന്ദ് മാത്രമായിരുന്നു യുഎസ്എ നിരയിൽ തിളങ്ങിയത്. 35.3 ഓവറിൽ 122 റൺസിന് അമേരിക്ക ഓൾഔട്ടായി. ഷക്കീൽ അഹമ്മദിന്റെ 3/20 ആണ് ഒമാന്റെ ഏറ്റവും മികച്ച പ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്