ന്യൂഡെല്‍ഹി: ഭോപ്പാലില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ തനിക്ക് നല്‍കിയ സീറ്റ് തകര്‍ന്ന നിലയിലായിരുന്നെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. തനിക്ക് അനുവദിച്ച സീറ്റ് എന്തുപറ്റിയതാണെന്ന് എയര്‍ലൈന്‍ ജീവനക്കാരോട് ചോദിച്ചപ്പോള്‍, അത് നല്ല നിലയിലല്ലെന്നും ടിക്കറ്റ് വില്‍ക്കരുതെന്നും മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞതായി എക്സിലെ ഒരു പോസ്റ്റില്‍ മന്ത്രി പറഞ്ഞു.
'എയര്‍ ഇന്ത്യ ഫ്ളൈറ്റ് നമ്പര്‍ എഐ436 ല്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു, എനിക്ക് സീറ്റ് നമ്പര്‍ 8ഇ അനുവദിച്ചു. ഞാന്‍ പോയി സീറ്റില്‍ ഇരുന്നു. സീറ്റ് തകര്‍ന്നതായിരുന്നു, ഇരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു,' മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി എഴുതി. വിമാനത്തില്‍ ഇത്തരത്തില്‍ തകര്‍ന്ന വേറെയും സീറ്റുകള്‍ ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. സഹയാത്രികര്‍ മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കാന്‍ തന്നോട് പറഞ്ഞെങ്കിലും മറ്റൊരാളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഇതേ സീറ്റിലിരുന്ന് യാത്ര പൂര്‍ത്തിയാക്കിയെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഭോപ്പാലില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്ക് സാധാരണയായി ഒന്നര മണിക്കൂര്‍ എടുക്കും.
മുഴുവന്‍ തുകയും ഈടാക്കിയ ശേഷം യാത്രക്കാരെ മോശമായതും അസൗകര്യമുള്ളതുമായ സീറ്റുകളില്‍ ഇരുത്തുന്നത് അധാര്‍മ്മികമാണെന്നും ഇത് യാത്രക്കാരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ടാറ്റ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ സേവനം മെച്ചപ്പെടുമെന്നായിരുന്നു എന്റെ ധാരണ, പക്ഷേ അത് എന്റെ തെറ്റിദ്ധാരണയായി', കഴിഞ്ഞ വര്‍ഷത്തെ എയര്‍ ഇന്ത്യ-വിസ്താര ലയനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് ഉണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും വിമാനക്കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്