ന്യൂഡല്‍ഹി: യുഎന്‍ പ്രമേയത്തിന് അനുസൃതമായി കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ ആഹ്വാനം ഇന്ത്യ തള്ളി. അനാവശ്യവും സ്വീകാര്യമല്ലാത്തതുമായ പരാമര്‍ശങ്ങളില്‍ തുര്‍ക്കി പ്രതിനിധിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന എര്‍ദോഗന്‍, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇസ്ലാമാബാദില്‍ നടത്തിയ വിവാദ അഭിപ്രായപ്രകടനത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ പ്രതികരിച്ചത്. കശ്മീര്‍ വിഷയത്തില്‍ രണ്ട് വര്‍ഷത്തോളം മൗനം പാലിച്ചതിന് ശേഷമാണ് എര്‍ദോഗന്റെ വിവാദ അഭിപ്രായ പ്രകടനം.
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇത്തരം ആക്ഷേപകരമായ അഭിപ്രായങ്ങള്‍ ഞങ്ങള്‍ നിരസിക്കുന്നു. ഡല്‍ഹിയിലെ തുര്‍ക്കി അംബാസഡറോട് ഞങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്,'' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
''ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും കുറിച്ചുള്ള ഇത്തരം അനാവശ്യ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ മറ്റൊരു രാജ്യത്തിനും സ്ഥാനമില്ല,' ജയ്‌സ്വാള്‍ വ്യക്തമാക്കി.
'കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ കണക്കിലെടുത്ത് ചര്‍ച്ചയിലൂടെ യുഎന്‍ പ്രമേയത്തിന് അനുസൃതമായി കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടണം. ഞങ്ങളുടെ രാജ്യവും, മുന്‍കാലങ്ങളിലെന്നപോലെ, ഇന്ന് നമ്മുടെ കശ്മീരി സഹോദരങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു,' എന്നായിരുന്നു എര്‍ദോഗന്റെ പ്രസ്താവന.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ സംസാരിക്കുന്നത് ഒഴിവാക്കി ഇന്ത്യക്കെതിരെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നയത്തില്‍ എര്‍ദോഗന്‍ ശ്രദ്ധ കൊടുക്കണമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്