ജയം മാറി മറിഞ്ഞ ആവേശ പോരാട്ടത്തിൽ ഒടുവിൽ വിജയം മുംബൈ ഇന്ത്യൻസിനൊപ്പം. ആർസിബി നൽകിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ആദ്യം നാറ്റ് സ്‌കിവർ ബ്രണ്ടിന്റെ വെടിക്കെട്ട് പ്രകടനത്തിൽ തുടങ്ങിയെങ്കിലും താരം പുറത്തായ ശേഷം ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറിന്റെ അർദ്ധ ശതകത്തിന്റെ ബലത്തിൽ തിരികെ മത്സരത്തിലേക്ക് തിരിച്ചുവന്നുവെങ്കിലും 18-ാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി വെയർഹാം മത്സരം തിരികെ ആർസിബി പക്ഷത്തേക്കാക്കി. എന്നാൽ ഓൾറൗണ്ട് പ്രകടനം നടത്തിയ അമൻജോത് കൗർ നേടിയ നിർണ്ണായക സിക്‌സുകൾ മുംബൈയ്ക്ക് ഒരു പന്ത് അവശേഷിക്കെ വിജയം ഒരുക്കി. 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയം നേടിയപ്പോൾ ആർസിബി സീസണിലെ ആദ്യ പരാജയം രുചിച്ചു.
നാറ്റ് സ്‌കിവർബ്രണ്ട് അടിച്ച് തകർത്തപ്പോൾ മുംബൈ അതിവേഗ കുതിപ്പാണ് ആദ്യ ഓവറുകളിൽ നടത്തിയത്. എന്നാൽ എട്ടാം ഓവറിൽ കിം ഗാർത്ത് താരത്തെ പുറത്താക്കിയതോടെ ആർസിബിയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായി.
21 പന്തിൽ 42 റൺസായിരുന്നു നാറ്റ് നേടിയത്. നാറ്റ് സ്‌കിവർ നൽകിയ തുടക്കം ഹർമ്മൻപ്രീത് - അമൻജോത് കൗർ കൂട്ടുകെട്ടിനെ ടി20 ശൈലിയിൽ നിന്ന് മാറി നിലയുറപ്പിച്ച് ബാറ്റ് ചെയ്യാനുള്ള അവസരം നൽകിയിരുന്നു. ഇരുവരും കരുതലോടെ ബാറ്റ് വീശിയപ്പോൾ അവസാന 7 ഓവറിൽ 61 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ഈ കൂട്ടുകെട്ട് മികച്ച രീതിയിൽ തുടർന്നും ബാറ്റ് വീശിയപ്പോൾ മുംബൈയുടെ ലക്ഷ്യം 18 പന്തിൽ നിന്ന് 24 റൺസായി മാറി. ഹർമ്മൻപ്രീത് കൗർ സ്‌കോറിംഗ് വേഗത കൂട്ടി തന്റെ അർദ്ധ ശതകം പൂർത്തിയാക്കുകയായിരുന്നു.
എന്നാൽ ജോർജ്ജിയ വെയർഹാം എറിഞ്ഞ 18-ാം ഓവറിൽ 38 പന്തിൽ നിന്ന് 50 റൺസ് നേടിയ ഹർമ്മൻപ്രീത് കൗർ പുറത്തായത് മുംബൈയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറി. അടുത്ത പന്തിൽ സജന സജീവനെയും വെയർഹാം പുറത്താക്കിയപ്പോൾ മുംബൈയുടെ നില പരുങ്ങലിലായി.
18-ാം ഓവറിൽ 2 റൺസ് മാത്രം വിട്ട് നൽകി വെയർഹാം രണ്ട് വിക്കറ്റ് നേടിയതോടെ മുംബൈയുടെ ലക്ഷ്യം 2 ഓവറിൽ 22 റൺസായി മാറി. കനിക അഹൂജയെ സിക്‌സർ പറത്തി അമൻജോത് കൗർ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷ നൽകിയപ്പോൾ ഓവറിലെ അവസാന പന്തിലെ സിക്‌സ് ആർസിബിയ്‌ക്കേറ്റ കനത്ത തിരിച്ചടിയായി. രണ്ട് സിക്‌സ് ഉൾപ്പെടെ 16 റൺസാണ് 19 -ാം ഓവറിൽ നിന്ന് പിറന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 6 റൺസായി മാറി.
ജയത്തിനായി രണ്ട് പന്തിൽ 2 റൺസ് വേണ്ടപ്പോൾ ജി. കമാലിനി ബൗണ്ടറി നേടി മുംബൈയുടെ നാല് വിക്കറ്റ് വിജയം സമ്മാനിച്ചു. 27 പന്തിൽ പുറത്താകാതെ 34 റൺസ് നേടിയ അമൻജോതിന്റെ ഇന്നിംഗ്‌സും മുംബൈ വിജയത്തിൽ നിർണ്ണായകമായി.
ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലൂരുവിനുവേണ്ടി ക്യാപ്ടൻ സ്മൃതി മന്ദാന 26ഉം എലിസ പെറി 81ഉം റിച്ച ഘോഷ് 28ഉം മാത്രമാണ് രണ്ടക്കം കടന്നത്. അമൻജോത് കൗർ 3 വിക്കറ്റും നേടി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്