രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ചങ്കിടിപ്പേറ്റി ഗുജറാത്തിന്റെ അവസാന ബാറ്റിംഗ് ജോടിയായ അർസാൻ നാഗ്വസാലയും പ്രിയാജിത് സിംഗ് ജഡേജയും ക്രീസിൽ പ്രതിരോധിച്ചു നിന്നപ്പോൾ ഫൈനൽ ടിക്കറ്റ് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു കേരളം.
ഒമ്പതാം വിക്കറ്റ് നഷ്ടമാകുമ്പോൾ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 457 റൺസിന് മറുപടിയായി 446 റൺസിലെത്തിയിരുന്നു ഗുജറാത്ത്. നിർണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാൻ പിന്നീട് വേണ്ടത് 12 റൺസ്.
ജലജ് സക്‌നേയെയും ആദിത്യ സർവാതെയെയും ഉപയോഗിച്ച് ആക്രമിക്കാനാണ് കേരള ക്യാപ്ടൻ സച്ചിൻ ബേബി ശ്രമിച്ചത്. എന്നാൽ പിന്നീട് ഒമ്പതോവറോളം പ്രതിരോധിച്ചു നിന്ന ഇരുവരും കേരളത്തിൽ നിന്ന് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കുമെന്ന ഘട്ടത്തിലായിരുന്നു ആന്റി ക്ലൈമാക്‌സിൽ അർസാൻ നാഗ്വസ്വാല വീണത്. അതിന് മുമ്പ് നാഗ്വസ്വാല നൽകിയ ദുഷ്‌കരമായൊരു ക്യാച്ച് ഷോർട്ട് ലെഗ്ഗിൽ സൽമാൻ നിസാറിന്റെ കൈകൾക്കിടയിലൂടെ ചോർന്നപ്പോൾ ഇത്തവണ ഭാഗ്യം കേരളത്തിന്റെ കൂടെയല്ലെന്നായിരുന്നു ആരാധകർ കരുതിയത്.
നാഗ്വസ്വാലയും പ്രിയാജിത് സിംഗ് ജഡേജയും ആത്മവിശ്വാസത്തോടെ ക്രീസിൽ പിടിച്ചു നിന്നപ്പോൾ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കാൽവേദനയെത്തുടർന്ന് ടീം ഫിസിയോയുടെ സഹായം തേടിയതോടെ കളി കുറച്ചുനേരം നിർത്തിവെച്ചു. ടി20 ലോകകപ്പിൽ റിഷഭ് പന്ത് ദക്ഷിണാഫ്രിക്കയുടെ താളം തെറ്റിക്കാൻ പ്രയോഗിച്ച തന്ത്രമാണോ അസറുദ്ദീനും പയറ്റുന്നത് എന്ന് കമന്റേറ്റർമാർ വിളിച്ചു ചോദിച്ചു.
അതിനുശേഷം ലീഡിലേക്ക് വെറും 3 റൺസ് മാത്രം മതിയെന്നഘട്ടത്തിൽ കേരളത്തിന്റെ പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചതായിരുന്നു. എന്നാൽ നാഗ്വസ്വാലയുടെ ഒരു നിമിഷത്തെ ബുദ്ധിശൂന്യത കേരളത്തിന് കച്ചിത്തുരുമ്പായി. അതുവരെ സർവാതെയെയും സക്‌നേയെയും ഫലപ്രദമായി പ്രതിരോധിച്ച നാഗ്വസ്വാല സർവാതെക്കെതിരെ സ്‌ക്വയർ ലെഗ്ഗിലേക്ക് കളിച്ച ഷോർട്ട് നേരെ കൊണ്ടത് ഷോർട്ട് ലെഗ്ഗിൽ ഹെൽമെറ്റ് ധരിച്ച് ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ തലയിലെ ഹെൽമെറ്റിലായിരുന്നു. ഹെൽമെറ്റിൽ തട്ടി ഉയർന്ന പന്ത് നേരെ ചെന്നതാകട്ടെ വിക്കറ്റിന് പിന്നിൽ നിൽക്കുകയായിരുന്ന ക്യാപ്ടൻ സച്ചിൻ ബേബിയുടെ കൈകളിലും. പന്ത് അനായാസം കൈയിലൊതുക്കിയ സച്ചിൻ ബേബിയും കേരളവും ആഘോഷം തുടങ്ങുമ്പോൾ ഗുജറാത്ത് താരങ്ങൾ കൈയകലെ ഫൈനൽ ബെർത്ത് നഷ്ടമായതിന്റെ നിരാശയിലായിരുന്നു.
https://x.com/ni8hin/status/1892815453489418349
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്