രഞ്ജി ട്രോഫിയിലെ സെമി ഫൈനൽ പോരാട്ടത്തിൽ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ഗുജറാത്തിനെതിരായ മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ കേരളം നാല് വിക്കറ്റിന് 206 എന്ന നിലയിലാണ്. 193 പന്തിൽ 69 റൺസുമായി സച്ചിൻ ബേബിയും, 66 പന്തിൽ 30 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും, രോഹൻ കുന്നുമ്മലും മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 60 റൺസാണ് സഖ്യം ചേർത്തത്. ഇരുവരും 30 റൺസ് വീതമെടുത്ത് പുറത്തായി. നിർഭാഗ്യത്തിന്റെ രൂപത്തിൽ വന്ന റണ്ണൗട്ടിലാണ് അക്ഷയ് പുറത്തായത്. തൊട്ടുപിന്നാലെ രോഹനെ എൽബിഡബ്ല്യുവിൽ കുരുക്കി രവി ബിഷ്‌ണോയ് കേരളത്തിന് ഇരട്ട പ്രഹരം സമ്മാനിച്ചു. 55 പന്തിൽ 10 റൺസെടുത്ത വരുൺ നായനാരും പുറത്തായതോടെ കേരളം അപകടം മണത്തു.
പിന്നാലെ ഒത്തുച്ചേർന്ന സച്ചിൻ ബേബി-ജലജ് സക്‌സേന സഖ്യം കേരള സ്‌കോർബോർഡ് കരുതലോടെ മുന്നോട്ട് ചലിപ്പിച്ചു. 83 പന്തിൽ 30 റൺസെടുത്ത ജലജിനെ അർസൻ നഗ്വസ്വാല ക്ലീൻ ബൗൾഡ് ചെയ്തു. ക്യാപ്ടൻ സച്ചിൻ ബേബി ഫോമിലേക്ക് തിരിച്ചെത്തിയത് കേരളത്തിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.
ഫോമിലുള്ള സൽമാൻ നിസാർ ഇനി ബാറ്റ് ചെയ്യാനുണ്ട് എന്നതിലും കേരളത്തിന് ആശ്വസിക്കാം. ഗുജറാത്തിന് വേണ്ടി അർസൻ നഗ്വാസ്വാല, പ്രിയജിത് ജഡേജ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്