ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുക ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ഇല്ലാതെ. പകരം ഈ മത്സരത്തിൽ രോഹിത് ശർമ ടീമിനെ നയിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഈ സീസണിലെ ഐ.പി.എൽ പോരാട്ടം മാർച്ച് 22 മുതലാണ്. 23നാണ് മുംബൈ ആദ്യ പോരിനിറങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യ പോരാട്ടം.
ഈ മത്സരമാണ് ഹാർദികിന് നഷ്ടമാവുക. മാർച്ച് 29ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ രണ്ടാം പോരാട്ടം. ഈ മത്സരത്തിൽ ഹാർദിക് തിരിച്ചെത്തും.
കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റുകളുടെ പേരിൽ ഹാർദികിന് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് ആദ്യ മത്സരത്തിൽ ഇറങ്ങുന്നതിന് ഇത്തവണ തടസമായത്. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കൃത്യ സമയത്ത് ഓവറുകൾ എറിഞ്ഞ് തീർക്കാത്തതിനെ തുടർന്നാണ് താരം നടപടി നേരിട്ടത്.
കഴിഞ്ഞ സീസണിൽ ഇത്തരത്തിൽ മൂന്ന് തവണ ഹാർദിക് പിഴവ് ആവർത്തിച്ചു. അങ്ങനെ വന്നാൽ ടീം ക്യാപ്ടന് ഒരു മത്സരത്തിൽ വിലക്ക് വരും. പുറമേ 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞ സീസണിൽ മുംബൈയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പുതിയ സീസണിലെ ആദ്യ പോരിൽ ക്യാപ്ടന് വിലക്ക് വന്നത്.
ആദ്യ പോരിൽ ഹാർദിക് കളിക്കാത്ത സാഹചര്യത്തിൽ രോഹിത് വീണ്ടും ടീമിനെ നയിക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. എന്നാൽ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ്, നായകനായി ടീമിനെ നയിച്ച് മുൻ പരിചയമുള്ള പേസർ ജസ്പ്രിത് ബുംറ എന്നിവരും സാധ്യതയിൽ മുന്നിലുണ്ട്.
കഴിഞ്ഞ സീസൺ തുടക്കത്തിലാണ് രോഹിതിനെ മാറ്റി ഹാർദികിനെ മുംബൈ ക്യാപ്ടനാക്കിയത്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദികിനെ പൊന്നിൻ വില കൊടുത്ത മുംബൈ ടീമിലെത്തിച്ചത്. പിന്നാലെ നായകനുമാക്കി. എന്നാൽ പരിതാപകരമായിരുന്നു കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം. ഇതോടെ മുംബൈ ആരാധകരും ഹാർദികിനെതിരെ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്