ലണ്ടന്‍: കോര്‍ട്ടിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം അരീന സബലങ്കയെ അട്ടിമറിച്ച് നവോമി ഒസാക്ക വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ വിജയം. സ്‌കോര്‍: 6-2, 7-6 (2). ഇതാദ്യമായാണ് ഒസാക്ക വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടുന്നത്.
ഈ വര്‍ഷം മുന്‍പ് നടന്ന മൂന്ന് മത്സരങ്ങളിലും സബലങ്കയ്ക്കായിരുന്നു ഒസാക്കയ്ക്കെതിരെ വിജയം. കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ ഇതേ ഘട്ടത്തിലും ഒസാക്കയെ സബലങ്ക പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിംബിള്‍ഡണിലെ ചൂടേറിയ കാലാവസ്ഥയില്‍ ഒസാക്കയുടെ അതിവേഗ ഗ്രൗണ്ട് സ്‌ട്രോക്കുകളെ പ്രതിരോധിക്കാന്‍ സബലങ്കയ്ക്ക് സാധിച്ചില്ല. ടൂര്‍ണമെന്റിലെ ഏറ്റവും ചൂടുകൂടിയ ദിവസമായിരുന്നു ഞായറാഴ്ച. സെന്റര്‍ കോര്‍ട്ടില്‍ മത്സരം നടക്കുമ്പോള്‍ 28 ഡിഗ്രി സെല്‍ഷ്യസ് (82 ഫാരന്‍ഹീറ്റ്) ആയിരുന്നു താപനില.
2019-ല്‍ ബീജിംഗില്‍ വെച്ച് ആഷ് ബാര്‍ട്ടിയെ തോല്‍പ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഒസാക്ക ഒരു ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ ഒസാക്ക, മാനസികാരോഗ്യം മുന്‍നിര്‍ത്തി 2021 ലും പിന്നീട് പ്രസവ അവധിയെ തുടര്‍ന്ന് 2023 ലും ടെന്നീസ് കോര്‍ട്ടില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഒസാക്കയുടെ ഗംഭീര തിരിച്ചുവരവാണ് ഈ വിജയം അടിവരയിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
