സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ മഴ വില്ലനായ മത്സരത്തിൽ, ചെന്നൈ കിംഗ്‌സിനെ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം 10 റൺസിന് പരാജയപ്പെടുത്തി കേരള സ്‌ട്രൈക്കേഴ്‌സ് സെമി ഫൈനലിൽ പ്രവേശിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വേൽസ് ചെന്നൈ കിംഗ്‌സിനെ 10 റൺസിന് തകർത്ത് കേരള സ്‌ട്രൈക്കേഴ്‌സ് സെമിയിലെത്തി.
മഴ വില്ലനായ മത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരള സ്‌ട്രൈക്കേഴ്‌സ് 17.4 ഓവറിൽ 165 റൺസിന് ഓൾ ഔട്ടായി.
15-ാം ഓവറിൽ ചെന്നൈ 112-6 നിൽക്കുമ്പോഴാണ് മഴ ചെന്നൈയുടെ വില്ലനായും കേരളത്തിന്റെ രക്ഷകനായും അവതരിച്ചത്. ഇതോടെ ചെന്നൈ കിംഗ്‌സിന്റെ വിജയലക്ഷ്യം 16 ഓവറിൽ 123 റൺസായി പുനർനിർണയിച്ചു. എന്നാൽ മഴ മൂലം മത്സരം പുനരാരംഭിക്കാൻ സാധ്യമാവാവാതെ വന്നതോടെ കേരള സ്‌ട്രൈക്കേഴ്‌സിനെ 10 റൺസിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ടൂർണമെന്റിൽ രണ്ടാം ജയവുമായി കേരളം സെമിയിലേക്ക് മുന്നേറി.
ചെന്നൈ ഇന്നിംഗ്‌സിലെ പന്ത്രണ്ടാം ഓവർ എറിഞ്ഞ വിവേക് ഗോപൻ 62 റൺസുമായി തകർത്തടിച്ച് ക്രീസിൽ നിന്ന വിക്രാന്ത് സന്തോഷിനെ പുറത്താക്കിയതിനൊപ്പം ഓവർ മെയ്ഡനാക്കിയത് മത്സരത്തിലെ നിർണായക വഴിത്തിരിവായി. ഇതോടെ 965ലേക്ക് വീണ ചെന്നൈയുടെ സ്‌കോറിംഗ് വേഗം കുത്തനെ ഇടിഞ്ഞു.
ചെന്നൈ ഇന്നിംഗ്‌സിലെ പതിനൊന്നാം ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി ഹരിശങ്കറിന്റെ നിർണായക വിക്കറ്റെടുത്ത അരുൺ ബെന്നി പതിമൂന്നാം ഓവറിൽ ആദവ് കണ്ണദാസനെ കൂടി പുറത്താക്കി ചെന്നൈയ്ക്ക് പൂട്ടിട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരള സ്‌ട്രൈക്കേഴ്‌സിനായി ക്യാപ്ടൻ ഉണ്ണി മുകുന്ദൻ മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണിംഗ് വിക്കറ്റിൽ അർജ്ജുൻ നന്ദകുമാറിനൊപ്പം 46 റൺസ് കൂട്ടിച്ചേർത്ത ഉണ്ണി അഞ്ചാം ഓവറിൽ 19 പന്തിൽ 27 റൺസെടുത്ത് പുറത്തായി.
കൂട്ടത്തകർച്ചയിലും തകർത്തടിച്ച അർജ്ജുൻ നന്ദകുമാറും(33 പന്തിൽ 49) പ്രശാന്ത് അലക്‌സാണ്ടറും(19 പന്തിൽ 21) ചേർന്ന് പന്ത്രണ്ടാം ഓവറിൽ സ്‌ട്രൈക്കേഴ്‌സിനെ 100 കടത്തി. എക്‌സ്ട്രാസും ഈ സമയം കേരളത്തെ തുണച്ചതോടെ കേരളം വിക്കറ്റ് നഷ്ടപ്പെടുത്താതെ 29 റൺസ് കൂടി കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ സ്‌കോറുയർത്താനുള്ള ശ്രമത്തിൽ അർജ്ജുൻ നന്ദകുമാർ റണ്ണൗട്ടായെങ്കിലും മദൻ മോഹന്റെ(13 പന്തിൽ 27) കൂറ്റനടികൾ കേരള സ്‌ട്രൈക്കേഴ്‌സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ഒടുവിൽ പതിനേഴാം ഓവറിലെ ഇരട്ട പ്രഹരത്തിലൂടെ ആദവ് കണ്ണദാസൻ കേരളത്തിന്റെ സ്‌കോർ 165ൽ പിടിച്ചുനിർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
